ഓടുന്ന ട്രെയിനിൽ പൂജ നടത്തിയ സംഭവത്തിൽ ഉയർന്ന വിവാദങ്ങൾക്കൊടുവിൽ വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തി. ജൂലൈ പത്തിന് ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള പശ്ചിം എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് പൂജ നടന്നത്. ഇത് വലിയ തോതിൽ ചർച്ചയായതോടെയാണ് നോർത്തേൺ റെയിൽവേ ഔദ്യോഗിക പ്രതികരണം നടത്തിയത്.
ഐആർസിടിസി വഴി ഒരു സ്വകാര്യ വ്യക്തി ബുക്ക് ചെയ്ത സലൂൺ കോച്ചിലാണ് ഈ പൂജ നടന്നതെന്ന് റെയിൽവേ വ്യക്തമാക്കുന്നു. ജൂലൈ എട്ടിന് മൂന്ന് ലക്ഷം രൂപ അഡ്വാൻസ് നൽകിയാണ് ഈ ആഡംബര സൗകര്യമുള്ള കോച്ച് ബുക്ക് ചെയ്തത്. യാത്രക്കാരുടെ സുരക്ഷയ്ക്കും ട്രെയിൻ ഓപ്പറേറ്റ് ചെയ്യുന്നതിനും പൂർണ്ണമായ മുൻഗണന നൽകിയിരുന്നുവെന്നും, സെക്യൂരിറ്റി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യനിഷ്ഠ പാലിച്ചിരുന്നുവെന്നും റെയിൽവേ പറയുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.ഇന്ത്യൻ റെയിൽവേയുടെ ആഡംബര സ്വകാര്യ കോച്ചുകളാണ് സലൂൺ കോച്ചുകൾ. സാധാരണ ട്രെയിനുകളോടൊപ്പം ഘടിപ്പിക്കുന്ന ഇത്തരം കോച്ചുകളെ ‘സഞ്ചരിക്കുന്ന വീട്’ എന്നാണ് വിളിക്കുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് സമാനമായ സൗകര്യങ്ങളും പൂർണ്ണമായ സ്വകാര്യതയും ഇത്തരം യാത്രകളിൽ ലഭ്യമാണ്. ട്രെയിൻ കോച്ചിന്റെ നടുവിലിരുന്ന് പൂജാരി പൂജ നടത്തുന്നതും വെള്ള വസ്ത്രം ധരിച്ച കുറച്ചുപേർ അതിൽ പങ്കുചേരുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
