ബോളിവുഡ് താരം ആമിർ ഖാന്റെ മൂന്നാം വിവാഹം ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സംരംഭകയായ ഗൗരി സ്പ്രാട്ടുമായുള്ള വിവാഹത്തിന് പിന്നാലെ, താരത്തിനെതിരെ ‘ലൗ ജിഹാദ്’ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷിൻഡെ പക്ഷ ശിവസേന മന്ത്രി സഞ്ജയ് ശീർസാട്. ആമിർ ഖാൻ ലൗ ജിഹാദിന്റെ അംബാസഡറാണെന്ന് വിശേഷിപ്പിച്ച മന്ത്രി, താരത്തിന്റെ വിവാഹജീവിതത്തെയും രൂക്ഷമായി വിമർശിച്ചു.
ആമിർ ഖാന്റെ വിവാഹത്തെ ‘ലൗ ജിഹാദ്’ ആയി കാണണോ എന്ന് ബി.ജെ.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ഇതിനെ പിന്താങ്ങിക്കൊണ്ടാണ് സഞ്ജയ് ശീർസാട് പ്രസ്താവന നടത്തിയത്. ആമിർ വലിയ താരമായിരിക്കാം, എന്നാൽ മൂന്ന് തവണ വിവാഹിതനായത് അദ്ദേഹത്തിന് ജനങ്ങളുടെ ഹൃദയം കീഴടക്കാൻ കഴിയില്ല എന്നതിന്റെ തെളിവാണെന്ന് ശീർസാട് പറഞ്ഞു. ഇത്തരമൊരു ജീവിതശൈലിയിൽ നിന്ന് ജനങ്ങൾ എന്ത് പാഠമാണ് പഠിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു. താരത്തിന്റെ സിനിമകൾ ഹിന്ദുക്കൾ കാണുന്നത് പുനഃപരിശോധിക്കണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.ആകർഷകമായ ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ആമിർ ഖാന്റെ വിവാഹം നടന്നത് ഒരാഴ്ച മുമ്പാണ്. ആദ്യ ഭാര്യമാരായ റീന ദത്ത, കിരൺ റാവു, ഇവരിൽ ജനിച്ച മക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന സ്വകാര്യ ചടങ്ങായിരുന്നിട്ടും, രാഷ്ട്രീയ നേതാക്കളുടെ ഈ ഇടപെടൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. താരത്തിന്റെ വ്യക്തിജീവിതത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു എന്നാരോപിച്ച് വലിയൊരു വിഭാഗം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
