ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ അനുമതി തേടുന്ന കപ്പലുകളിൽ ഭൂരിഭാഗവും ഇന്ത്യയുടേതെന്ന് റിപ്പോർട്ട്. ഇറാൻ രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റിയുടെ ജൂൺ 17-ന് ശേഷമുള്ള മൂന്നാഴ്ചത്തെ കണക്കുകൾ പ്രകാരം, ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്നതിൽ ഇന്ത്യ ഒന്നാമതും ചൈന രണ്ടാമതുമാണ്. ഹോർമുസിൽ നിന്ന് പുറത്തുകടക്കാനുള്ള അപേക്ഷകളിൽ 20 ശതമാനവും ഇങ്ങോട്ട് പ്രവേശിക്കാനുള്ള അപേക്ഷകളിൽ 21 ശതമാനവും ഇന്ത്യൻ കപ്പലുകളുടേതാണ്. മേഖലയിലെ സംഘർഷാവസ്ഥ കാരണം മൊത്തം കപ്പൽ ഗതാഗതത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായും അതോറിറ്റി അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ അസ്ഥിരാവസ്ഥ ഇന്ത്യയുടെ ഇന്ധന ലഭ്യതയെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ആവശ്യത്തിലധികം അസംസ്കൃത എണ്ണ സംഭരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.അതേസമയം, മേഖലയിൽ സംഘർഷം തുടരുകയാണ്. തുടർച്ചയായ ആറാം ദിവസവും ഇറാനിൽ ആക്രമണം തുടരുന്ന അമേരിക്ക, നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച മൂന്ന് കപ്പലുകൾ തടഞ്ഞതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിനിടെ, ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ മൻദബ് കടലിടുക്ക് ഹൂതികൾ വഴി അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.
