അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അടിസ്ഥാന മാനദണ്ഡങ്ങൾ ലംഘിച്ചും അശ്രദ്ധയോടെയും പെരുമാറിയ പൊലീസ് പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നുവെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, പണമുള്ളവർക്ക് എന്തും ചെയ്യാവുന്ന അവസ്ഥയാണോ ഉള്ളതെന്നും കോടതി ചോദിച്ചു.
ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ഇത്തരം വീഴ്ചകൾ സംഭവിച്ചത് അംഗീകരിക്കാനാവില്ലെന്നും, അന്വേഷണസംഘത്തെ മാറ്റി തലയുരാൻ സർക്കാരിനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സാധാരണക്കാരന് നീതി ഉറപ്പാക്കേണ്ട പൊലീസ് ആരുടെ കൂടെയാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും കോടതി ഓർമ്മിപ്പിച്ചു. വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് വ്യക്തമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട കോടതി, സംഭവത്തിൽ വെള്ളിയാഴ്ച്ചയ്ക്കകം വിശദീകരണം നൽകാൻ നിർദ്ദേശം നൽകി. കേസിന്റെ രേഖകൾ ഹാജരാക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, പൊലീസും സർക്കാരും പ്രതിയെ സംരക്ഷിക്കാൻ ആസൂത്രിതമായ ഒത്തുകളിയാണ് നടത്തിയതെന്ന് നിതിൻ രാജിന്റെ കുടുംബം ആരോപിച്ചു. പ്രതിക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും, തങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി.
