ഇ20 പെട്രോൾ വിവാദത്തിന് അന്ത്യം കുറിച്ച് കേന്ദ്രം!

രാജ്യത്ത് ഇ20 പെട്രോൾ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ ഔദ്യോഗിക വിശദീകരണം നൽകി. ഇന്ധന മാറ്റത്തിന് മുമ്പ് വിപുലമായ ശാസ്ത്രീയ പഠനങ്ങളും സാങ്കേതിക പരിശോധനകളും നടത്തിയിരുന്നുവെന്നും, ഏകദേശം 23 കോടി വാഹനങ്ങളിൽ നടത്തിയ വിലയിരുത്തലിൽ ഇ20 മൂലമുള്ള എഞ്ചിൻ തകരാറോ അസാധാരണ കേടുപാടുകളോ കണ്ടെത്തിയിട്ടില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

സാധാരണ പെട്രോളിൽ 20 ശതമാനം എത്തനോൾ കലർത്തുമ്പോൾ, പ്രീമിയം പെട്രോളുകളായ എക്‌സ്.പി 100, പവർ 100, സ്പീഡ് 100 എന്നിവയിൽ എത്തനോൾ ചേർക്കുന്നില്ലെന്നും ഇവ പൂർണമായും ഇ0 വിഭാഗത്തിൽപ്പെടുന്നതാണെന്നും സർക്കാർ അറിയിച്ചു. എങ്കിലും ഇത്തരം പ്രീമിയം ഇന്ധനങ്ങളുടെ വിൽപ്പന രാജ്യത്തെ ആകെ പെട്രോൾ വിൽപ്പനയുടെ വെറും 0.5 ശതമാനം മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.കൂടുതൽ എത്തനോൾ അടങ്ങിയ ഇ25 അല്ലെങ്കിൽ ഇ27 പെട്രോൾ അവതരിപ്പിക്കുമെന്ന പ്രചാരണങ്ങൾക്ക് സർക്കാർ ലോക്സഭയിൽ വിരാമമിട്ടു. നിലവിൽ അത്തരത്തിലുള്ള ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും, ഭാവിയിൽ അനിവാര്യമായാൽ വാഹന നിർമാതാക്കളും ഗവേഷണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമെ തുടർനടപടികൾ ഉണ്ടാകൂ എന്നും സർക്കാർ ഉറപ്പ് നൽകി.

പെട്രോൾ പമ്പുകളിൽ ഇ20 എന്ന് പ്രത്യേകം രേഖപ്പെടുത്താത്തത് സംബന്ധിച്ച ചോദ്യത്തിന്, പമ്പുകളിൽ സാധാരണ പെട്രോളായി ലഭിക്കുന്നത് മുഴുവൻ ഇ20 ആണെന്നും പ്രത്യേകമായി മറ്റ് മിശ്രിതങ്ങൾ വിൽക്കുന്നില്ലെന്നും സർക്കാർ മറുപടി നൽകി. അതേസമയം, സാധാരണ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഇ85 പോലുള്ള ഇന്ധനങ്ങൾ വിൽക്കുന്ന പമ്പുകളിൽ ഉപഭോക്താക്കളുടെ അറിവിലേക്കായി അത് വ്യക്തമായി രേഖപ്പെടുത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *