ആലപ്പുഴയിലെ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവവുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ സർക്കാരിനെ പ്രശംസിച്ച് എ.ഡി. തോമസ് എം.എൽ.എ രംഗത്ത്. കേരളത്തിലെ പൊതുജനങ്ങളുടെ ആത്മാഭിമാനത്തിനാണ് മുറിവേൽപ്പിക്കപ്പെട്ടതെന്നും, സ്വാഭാവികമായും ആ വിഷയത്തിൽ സർക്കാർ തലത്തിൽ ശക്തമായ നടപടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പ്രതികാര നടപടിയല്ലെന്നും, അധികാരത്തിന്റെ മറവിൽ സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണിതെന്നും എം.എൽ.എ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ‘വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെട്ടേറ്റ മരം അത് മറന്നിരുന്നില്ല’ എന്ന ശക്തമായ ഓർമ്മപ്പെടുത്തലോടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കേരളത്തിലെ യുവജനങ്ങളുടെ തല തല്ലിപ്പൊളിക്കാമെന്ന് ഇനി ആരും കരുതേണ്ടതില്ലെന്നും, അതിനെ ആരും രക്ഷാപ്രവർത്തനമെന്ന് വാഴ്ത്തിപ്പാടേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പത്തുവർഷത്തെ ദുർഭരണത്തിലെ വീഴ്ചകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി, ജനപിന്തുണയോടെ മുന്നേറുന്ന യു.ഡി.എഫ് സർക്കാരിന്റെ ഈ നടപടി ജനങ്ങൾ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അന്ന് വെട്ടേറ്റത് കേരളത്തിലെ ജനാധിപത്യ സമൂഹത്തിന്റെ ആത്മാഭിമാനത്തിനാണെന്നും, ജനാധിപത്യ സമൂഹത്തിനു വേണ്ടി നിലകൊണ്ട സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തിലെ നിർണ്ണായകമായ സർക്കാർ നടപടി രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. അധികാരം കയ്യാളുന്നവർ എന്തു ചെയ്താലും അതൊക്കെ മറന്നുകളയും എന്ന ധാരണയ്ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഈ സസ്പെൻഷൻ എന്നാണ് വിലയിരുത്തപ്പെടുന്നത്.
