ശബരിമല സ്വര്‍ണക്കൊള്ള, കൂടുതല്‍ അറസ്റ്റിന് എസ്‌ഐടി ഒരുങ്ങുന്നു; 

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങാന്‍ എസ്‌ഐടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുന്‍ ദേവസ്വം ബോര്‍ഡ് അംഗം ജി. സുന്ദരേശന്‍, തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാല്‍ എന്നിവരുടെ കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റെജിലാലിനെതിരെ വ്യാജരേഖ നിര്‍മ്മാണം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ദേവസ്വം ജീവനക്കാരുടെ പങ്കില്‍ സമഗ്ര അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി 2020-നും 2025-നും ഇടയില്‍ സേവനമനുഷ്ഠിച്ച ബോര്‍ഡ് ജീവനക്കാരുടെ പങ്കിനെക്കുറിച്ചും എസ്‌ഐടി പരിശോധിക്കും. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുന്‍ അംഗം അജികുമാര്‍ എന്നിവര്‍ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളികളാണെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൃത്യവിലോമം കാട്ടിയെന്നും എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.2019-ലെ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാനും, പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ബണ്ഡാരി എന്നിവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനും പുതിയ ബോര്‍ഡ് ഒത്താശ ചെയ്തു. ചെന്നൈയിലേക്ക് പാളികള്‍ കടത്താനായി വ്യാജ രേഖകളും കരാറുകളും തയ്യാറാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച 12 പാളികളില്‍ നാലെണ്ണത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം വേര്‍തിരിച്ചെടുത്തതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2019-ലെ തിരിമറികൾ മൂടിവെക്കാനാണ് 2025-ല്‍ വീണ്ടും സ്വര്‍ണം പൂശല്‍ നടപടികള്‍ നടത്തിയത്.

നിലവില്‍ റിമാന്‍ഡിലുളള പി.എസ്. പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇരുവരെയും 13 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഇരുവരും ഉന്നയിച്ച ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ ചികിത്സ ലഭ്യമാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *