സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’ ലെ ആഘോഷ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റിലീസ് ചെയ്ത് വെറും ഒരു ദിവസത്തിനുള്ളിൽ തന്നെ 10 മില്യൺ കാഴ്ചക്കാരെ നേടി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ കല്യാണപ്പാട്ട്. ജി. വി. പ്രകാശ് കുമാർ സംഗീതം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സൂര്യ തന്നെയാണ്. പാട്ടിൽ സൂര്യയ്ക്കൊപ്പം തകർപ്പൻ ചുവടുകളുമായി മലയാളി താരം മമിത ബൈജുവും എത്തുന്നുണ്ട്.
സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസ് ആണ് അവതരിപ്പിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം സൂര്യയുടെ കരിയറിലെ 46-ാം സിനിമയാണ്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രം 2026 ഓഗസ്റ്റ് 14-ന് തിയറ്ററുകളിലെത്തും.
റിലീസിന് മുൻപ് തന്നെ 300 കോടിയുടെ പ്രീ-റിലീസ് ബിസിനസ് നേടി റെക്കോർഡ് ഇട്ടിരിക്കുകയാണ് ഈ ചിത്രം. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്. കൂടാതെ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം 85 കോടിയോളം രൂപയ്ക്ക് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ് സ്വന്തമാക്കി കഴിഞ്ഞു. മുൻപ് പുറത്തിറങ്ങിയ ‘പട്ടാമ്പൂച്ചി’ എന്ന ഗാനവും പ്രേക്ഷകർക്കിടയിൽ വൻ ഹിറ്റായിരുന്നു.
