cjp ക്ക് എതിരേ താക്കീതുമായി സുപ്രീം കോടതി

സുപ്രീം കോടതിയുടെ പുതിയൊരു നിരീക്ഷണത്തോടും ഇടപെടലോടും കൂടി NEET പരീക്ഷയുമായി ബന്ധപ്പെട്ട തർക്കങ്ങളും വിവാദങ്ങളും വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. സർക്കാരുമായി ചർച്ച നടത്തി സമരം നിർത്തിവെച്ചു എന്ന് വിചാരിച്ചിടത്തു നിന്നാണ് കാര്യങ്ങൾ ഇപ്പോൾ വീണ്ടും മാറിമറിയുന്നത്.
ഇവിടെ കോടതി എന്താണ് പറഞ്ഞത്? എന്തിനാണ് CJP പോലെയുള്ള സംഘടനകൾ വീണ്ടും പ്രതിഷേധത്തിലേക്ക് ഇറങ്ങുന്നത്? ഈ സമരം നയിക്കുന്ന ജൻസി (Gen Z) നേതാക്കളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ? അതോ ഇതിനുപിന്നിൽ വേറെ എന്തെങ്കിലും രാഷ്ട്രീയ അജണ്ടകൾ കളിക്കുന്നുണ്ടോ?
ആദ്യം തന്നെ എന്താണ് സുപ്രീം കോടതി പറഞ്ഞതെന്ന് വ്യക്തമായി നോക്കാം. നീറ്റ് സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണവുമായി പോലീസിന് മുന്നോട്ട് പോകാം എന്ന് കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, അതോടൊപ്പം കോടതി വലിയൊരു ആശ്വാസകരമായ ഇളവും നൽകി. അതായത്, മുൻപ് കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത, പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളെയും വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്യരുത്, അവർക്കെതിരെയുള്ള നടപടികൾ ഒഴിവാക്കണം. സമാധാനപരമായി സമരം ചെയ്യാൻ ഏതൊരു പൗരനും അവകാശമുണ്ട്. അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ബലം.
എന്നാൽ അതേസമയം തന്നെ കോടതി ഒരു കാര്യം കൂടി അടിവരയിട്ടു പറഞ്ഞു—കുറ്റകൃത്യ പശ്ചാത്തലമുള്ളവർക്കോ അല്ലെങ്കിൽ ഈ സമരത്തിന്റെ മറവിൽ വന്ന് അക്രമവും പൊതുമുതൽ നശീകരണവും നടത്തിയവർക്കോ ഈ ഇളവ് ബാധകമല്ല!
ഇതൊരു തെറ്റായ തീരുമാനമാണോ? ഒരിക്കലുമല്ല. കാരണം, പൊതുമുതൽ എന്ന് പറയുന്നത് ഈ നാട്ടിലെ നൂറ്റിനാൽപ്പത് കോടി ജനങ്ങളുടെ പണമാണ്. അത് നശിപ്പിക്കാൻ ഏതെങ്കിലും പ്രക്ഷോഭകാരിക്ക് അവകാശമുണ്ടോ? അത്തരം അക്രമകാരികൾക്കെതിരെ കേസെടുക്കുന്നതും അന്വേഷണം നടത്തുന്നതും ഏതൊരു രാജ്യത്തെയും ഭരണഘടനാപരമായ കാര്യമാണ്.

എന്നാൽ കോടതി ഈ വിധി പറഞ്ഞതിന് പിന്നാലെ, CJP യുടെ ആളുകളായ സൗരവ് ദാസും അഭിജിത്ത് ദീപ്കെയുമൊക്കെ പറയുന്നത് എന്താണ്? സമരത്തിൽ അക്രമികളോ ആന്റി-സോഷ്യൽ എലമെന്റുകളോ ഉണ്ടായിരുന്നില്ല, കുട്ടികൾക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കണം, ഇല്ലെങ്കിൽ ഞങ്ങൾ സുപ്രീം കോടതിക്കെതിരെയും സർക്കാരിനെതിരെയും വീണ്ടും സമരം ചെയ്യും!
ഇവിടെയാണ് ഇവരുടെ വിവരക്കേടും പക്വതയില്ലായ്മയും പുറത്തുവരുന്നത്. നമ്മൾ അടിസ്ഥാനപരമായ ഭരണഘടന മനസ്സിലാക്കണം. ഈ രാജ്യം മൂന്ന് പ്രധാന തൂണുകളിലാണ് നിൽക്കുന്നത്—പാർലമെന്റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി.
നേരത്തെ ഈ വിദ്യാർത്ഥി നേതാക്കൾ ചർച്ച നടത്തിയത് സർക്കാരുമായിട്ടാണ്, അതായത് എക്സിക്യൂട്ടീവുമായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പരീക്ഷാ സിസ്റ്റത്തിലെ പോരായ്മകൾ പരിഹരിക്കാം എന്ന് ഉറപ്പുനൽകി. എന്നാൽ സുപ്രീം കോടതി എന്ന് പറയുന്നത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജുഡീഷ്യറിയാണ്. കോടതി ഒരു കേസിൽ അന്വേഷണം നടത്താൻ ഉത്തരവിടുമ്പോൾ, “ഞങ്ങൾ നീതിപീഠത്തിനെതിരെ സമരം ചെയ്യും” എന്ന് വെല്ലുവിളിക്കുന്നത് സ്വന്തം വിഡ്ഢിത്തം പരസ്യമാക്കൽ മാത്രമാണ്. ജുഡീഷ്യറിയെ തകർക്കാൻ നോക്കിയാൽ തകരുന്നത് ഈ രാജ്യത്തിന്റെ ജനാധിപത്യമാണ്.

ഒരു സമരം നയിക്കുമ്പോൾ അതിന് കൃത്യമായ ഒരു കൺട്രോൾ വേണം. ഈ NEET സമരത്തിനിടയിലേക്ക് ഖാലിസ്ഥാൻ ഭീകരവാദികളും, രാജ്യവിരുദ്ധ ശക്തികളും, മുൻപ് ഷാഹിൻബാഗിലും കർഷക സമരത്തിലുമൊക്കെ കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കിയ ചില വിഘടനവാദികളും നുഴഞ്ഞുകയറാൻ ശ്രമിച്ചു എന്നത് പബ്ലിക് ഡൊമൈനിലുള്ള കാര്യമാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങളെ അപായപ്പെടുത്താൻ അവർ പണം വാഗ്ദാനം ചെയ്തു എന്ന് വാർത്തകൾ വന്നു. ജൻസി നേതാക്കൾ അത് സ്വീകരിച്ചില്ല എന്നുള്ളത് ശരിയാണ്, അത് നല്ല കാര്യം.
പക്ഷേ, ഇത്തരം അപകടകാരികളായ ശക്തികൾ തങ്ങളുടെ സമരത്തിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞിട്ടും അതിനെ കൃത്യമായി നിയന്ത്രിക്കാനോ തടയാനോ ഈ നേതാക്കൾക്ക് കഴിഞ്ഞോ? തെരുവിൽ സാധാരണക്കാരായ കുട്ടികൾ വെയിലും മഴയുമേറ്റ് ഭക്ഷണം പോലും ലഭിക്കാതെ പട്ടിണി കിടക്കുമ്പോൾ, അവരെ അവിടെ ഉപേക്ഷിച്ച് തൊട്ടടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി ആഘോഷം നടത്തിയ നേതാക്കളാണ് ഇവർ! അവസാനത്തെ സമരക്കാരനെയും സുരക്ഷിതമായി വീട്ടിൽ എത്തിച്ച ശേഷമേ ഒരു യഥാർത്ഥ നേതാവ് കളം വിടാവൂ. അങ്ങനെയൊരു ഉത്തരവാദിത്തം കാണിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.

മറ്റൊരു പ്രസക്തമായ ചോദ്യം ഇതാണ്—എന്തുകൊണ്ടാണ് ഈ പ്രക്ഷോഭങ്ങളെല്ലാം ചില പ്രത്യേക കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങുന്നത്? കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള NEET പരീക്ഷയിൽ പ്രശ്നം വരുമ്പോൾ വലിയ തോതിൽ പ്രക്ഷോഭം ഉയർത്തുന്ന ഇവർ, കേരളത്തിലോ കർണാടകത്തിലോ പി.എസ്.സി പരീക്ഷകളിലും റിക്രൂട്ട്മെന്റുകളിലും വൻ തട്ടിപ്പുകൾ നടക്കുമ്പോൾ എവിടെയായിരുന്നു? അവിടെയൊന്നും സമരമോ ബഹളമോ കാണുന്നില്ലല്ലോ! അപ്പോൾ ഇതൊരു സെലക്ടീവ് രാഷ്ട്രീയമല്ലേ?
ഇനി കോടതി വരാന്തകളിൽ ചെന്ന് നോക്കൂ. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയ വൻകിട വക്കീലന്മാർ കോടികളുടെ നിയമസഹായ വാഗ്ദാനവുമായി ഇവരുടെ പിന്നാലെ നടക്കുന്നുണ്ട്. സിസ്റ്റത്തിനെതിരെ പോരാടാൻ അഭിഭാഷകരുടെ സഹായം തേടുന്നത് തെറ്റല്ല. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ കളികളിലെ കരുക്കളായി ഈ വിദ്യാർത്ഥികൾ മാറരുത്.

ചുരുക്കി പറഞ്ഞാൽ, NEET പരീക്ഷയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടണം. കുട്ടികളുടെ ഭാവി സംരക്ഷിക്കപ്പെടണം. അതിൽ ആർക്കും എതിരഭിപ്രായമില്ല. എന്നാൽ, അതിന്റെ മറവിൽ അനാവശ്യമായി നിയമലംഘനം നടത്താനും, ക്രിമിനലുകളെ സംരക്ഷിക്കാനും, സുപ്രീം കോടതിയെ വെല്ലുവിളിക്കാനും ഇറങ്ങിപ്പുറപ്പെട്ടാൽ രാജ്യത്തെ നിയമം അതിന് അനുവദിക്കില്ല.
ഒരു വശത്ത് സിസ്റ്റത്തിന്റെ തെറ്റുകൾ തിരുത്തപ്പെടണം, മറുവശത്ത് സമരത്തിന്റെ പേരിൽ അരാജകത്വം ഉണ്ടാക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണം. ജൻസിയുടെ ഊർജ്ജവും ആവേശവും നല്ല കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്, അല്ലാതെ വിവരക്കേടുകൾ കൊണ്ട് വിഘടനവാദികൾക്ക് ചൂഷണം ചെയ്യാനായി താലത്തിൽ വെച്ചുകൊടുക്കാനാവരുത്.

Leave a Reply

Your email address will not be published. Required fields are marked *