സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവ്

ജീവപര്യന്തം തടവുശിക്ഷ എന്നാൽ തടവുകാരന്റെ മരണം വരെയുള്ള കാലയളവാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വധശിക്ഷയ്ക്ക് പകരമായി മരണം വരെയുള്ള തടവുശിക്ഷ നൽകുന്നത് ഭരണഘടനാനുസൃതമാണെന്നും കോടതി നിരീക്ഷിച്ചു.

ജീവിതാവസാനം വരെയുള്ള ശിക്ഷാവിധി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരുൾപ്പെട്ട ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജീവിതാവസാനം വരെയുള്ള ജീവപര്യന്തം പൂർണ്ണമായും നിയമപരവും ഭരണഘടനാപരവുമാണെന്ന് കോടതി വ്യക്തമാക്കി.‘ശിക്ഷാ ഇളവോ പരോളോ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷ’ എന്നാണ് വിചാരണ കോടതിയുടെയോ ഹൈക്കോടതിയുടെയോ വിധിയെങ്കിൽ, കുറ്റവാളി ജീവിതാവസാനം വരെ തടവ് അനുഭവിക്കേണ്ടതാണ്. ഇത്തരം പ്രത്യേക ഉത്തരവുകളുള്ള ശിക്ഷകളിൽ സർക്കാരിന്റെ ഇളവുകൾ ബാധകമല്ല. എന്നാൽ കോടതിയുടെ വിധിയിൽ ഇളവുകളെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ലെങ്കിൽ ശിക്ഷാ ഇളവുകളിൽ സർക്കാരിന് നിയമപരമായി ഇടപെടാമെന്നും കോടതി കൂട്ടിച്ചേർത്തു. ജീവപര്യന്തം തടവുകാർ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി ഈ നിർണ്ണായക വ്യാഖ്യാനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *