ബ്രിക്‌സ് മന്ത്രിതല യോഗത്തിൽ ഹോർമുസ് കടലിടുക്കിലെ ആശങ്ക പങ്കുവെച്ച് യു.എ.ഇ.;

അന്താരാഷ്ട്ര വ്യാപാര രംഗത്ത് പുതിയ നിർണ്ണായക ചുവടുവെപ്പുകളുമായി ജയ്‌പുരിൽ നടന്ന ബ്രിക്‌സ് വ്യാപാരമന്ത്രിമാരുടെ യോഗത്തിൽ യു.എ.ഇ. സജീവ സാന്നിധ്യമറിയിച്ചു. യു.എ.ഇ. വിദേശ വ്യാപാരമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയ്തിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് യോഗത്തിൽ പങ്കെടുത്തത്. യു.എ.ഇ. അംബാസഡർ അബ്ദുല്ല അൽ നുഐമിയും യോഗത്തിൽ സന്നിഹിതനായിരുന്നു.

ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ ബഹുമുഖ വ്യാപാരവ്യവസ്ഥയെ സംരക്ഷിക്കുക, എല്ലാവരെയും ഉൾക്കൊള്ളുന്ന വിപണി വളർച്ച ഉറപ്പാക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുക, ആഗോള മൂല്യ ശൃംഖല ശക്തിപ്പെടുത്തുക തുടങ്ങിയ സുപ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. സമ്മേളനത്തിനിടയിൽ വിവിധ രാജ്യങ്ങളിലെ ഉന്നത മന്ത്രിമാരുമായി ഡോ. താനി ബിൻ അഹമ്മദ് അൽ സെയ്തി ഉഭയകക്ഷി ചർച്ചകളും നടത്തി.എന്നാൽ, ആഗോള ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുന്ന സുരക്ഷാ വിഷയങ്ങളിൽ യോഗത്തിൽ യു.എ.ഇ. കടുത്ത ആശങ്ക രേഖപ്പെടുത്തി. വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിന്റെ തുടർച്ചയായ അടച്ചുപൂട്ടലും ആഗോള വാണിജ്യത്തിന് വലിയ ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നുകൊടുക്കണമെന്നും സമുദ്ര ഗതാഗത സ്വാതന്ത്ര്യം പൂർണ്ണമായി ഉറപ്പാക്കണമെന്നും അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടു.

സാമ്പത്തിക സഹകരണത്തിൽ വലിയ മുന്നേറ്റമാണ് യു.എ.ഇ. കൈവരിക്കുന്നത്. 2025-ൽ യു.എ.ഇ.യും ബ്രിക്‌സ് രാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വിദേശ വ്യാപാരം 312 ബില്യൺ യു.എസ്. ഡോളർ കവിഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് 28.5 ശതമാനത്തിന്റെ വൻ വർധനയാണ് ഇതിലുണ്ടായത്. യു.എ.ഇ.യുടെ മൊത്തം എണ്ണയിതര വിദേശ വ്യാപാരത്തിന്റെ ഏകദേശം 31 ശതമാനവും നിലവിൽ ബ്രിക്‌സ് രാജ്യങ്ങളുമായാണ് നടക്കുന്നത്.ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് പുതിയ കരുത്തുപകരുന്നതായിരുന്നു യോഗത്തിലെ ചർച്ചകൾ. ഇന്ത്യ-യു.എ.ഇ. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും യോഗത്തിൽ അവലോകനം ചെയ്തു. 2025-ൽ ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള എണ്ണയിതര വ്യാപാരം 76.2 ബില്യൺ ഡോളറിലെത്തി പുതിയ ചരിത്രം കുറിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *