ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വ്യക്തിഗത വിവര ചോർച്ചയും വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി അബുദാബി കസ്റ്റംസ്. അബുദാബി കസ്റ്റംസിന്റെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേന തട്ടിപ്പുകാർ ഇമെയിലുകളും സന്ദേശങ്ങളും അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും സംശയങ്ങളുള്ള പക്ഷം അബുദാബി കസ്റ്റംസുമായി നേരിട്ട് ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.
അബുദാബി കസ്റ്റംസിന്റെ പേരിലെത്തുന്ന വ്യാജ വാഗ്ദാനങ്ങളിലോ മുന്നറിയിപ്പുകളിലോ വീണ് സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സ്വകാര്യ വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കാതിരിക്കുക, പണം അയക്കുന്നതിന് മുൻപ് സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുക, സംശയകരമായ സന്ദേശങ്ങളെ പൂർണ്ണമായും അവഗണിക്കുക എന്നിവയാണ് കസ്റ്റംസ് മുന്നോട്ടുവെക്കുന്ന പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ.യുഎഇയിൽ ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി സുരക്ഷാ ഏജൻസികൾ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. ദുബായ് പോലീസ് കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ മാത്രം തട്ടിപ്പുകൾക്കായി ഉപയോഗിച്ച 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് റദ്ദാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ക്രൈം-ഡാറ്റാ അനലിറ്റിക്സും ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും പൊതുജനങ്ങൾ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നു.
