‘ഖലീഫ’യിലെ മോഹൻലാലിന്റെ അതിഥി വേഷത്തെക്കുറിച്ച് പൃഥ്വിരാജ്

സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ ക്യാൻവാസിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖലീഫ’. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ‘മാമ്പറയ്ക്കൽ അഹമ്മദ് ആലി’ എന്ന കഥാപാത്രമായി മോഹൻലാൽ ചിത്രത്തിൽ അതിഥിവേഷത്തിലുമെത്തുന്നുണ്ട്. ഖലീഫയിലെ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച് ദുബായിൽ നടന്ന പ്രൊമോഷൻ പരിപാടിയിൽ പൃഥ്വിരാജ് സംസാരിക്കുകയുണ്ടായി. തന്നോടുള്ള സ്നേഹംകൊണ്ടുകൂടിയായിരിക്കാം മോഹൻലാൽ ആ വേഷം ചെയ്യാൻ സമ്മതിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു.

“മാമ്പറയ്ക്കൽ അഹമ്മദ് ആലിയായി ലാലേട്ടൻ അഭിനയിക്കണം എന്നത് ഞങ്ങളുടെയെല്ലാം വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തെ സമീപിച്ചപ്പോൾ, എന്നോടുള്ള സ്നേഹംകൊണ്ടായിരിക്കാം, ‘മോനേ ഉറപ്പായും ചെയ്യാം’ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം വന്ന് ആ കഥാപാത്രം ചെയ്യുകയായിരുന്നു,” പൃഥ്വിരാജ് വ്യക്തമാക്കി. സിനിമയുടെ ആദ്യഭാഗത്തിൽ ഈ കഥാപാത്രത്തിന്റെ ആമുഖം മാത്രമാണുള്ളതെന്നും പ്രേക്ഷകർ അത് മാത്രമേ പ്രതീക്ഷിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവാധീനം കൊണ്ട് ചിത്രം വിജയിക്കുകയാണെങ്കിൽ ഇതിന്റെ രണ്ടാംഭാഗം ഉണ്ടാകുമെന്നും, അതിൽ മാമ്പറയ്ക്കൽ അഹമ്മദ് ആലിയുടെ കഥയും ലോകവും പൂർണ്ണമായി പറയുമെന്നും അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു. ആദ്യഭാഗത്തിൽ സംഭാഷണങ്ങളിലൂടെയും സംഭവങ്ങളിലൂടെയും അഹമ്മദ് ആലി ആരാണെന്നതിന്റെ സൂചനകൾ മാത്രമാണ് നൽകുന്നത്.പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. മാളവിക ശർമയാണ് ചിത്രത്തിലെ നായിക. ‘പോക്കിരിരാജ’യ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷന് വലിയ പ്രാധാന്യം നൽകുന്ന ഖലീഫയിൽ ബോളിവുഡ് താരം നീൽ നിതിൻ മുകേഷാണ് പ്രതിനായകനായി എത്തുന്നത്. കൂടാതെ ഇന്ദ്രൻസും ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോമോൻ ടി. ജോൺ ക്യാമറയും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്ന് ആലപിച്ച ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *