തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘അതിമനോഹര’ത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് വനംവകുപ്പ് ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ തീരുമാനത്തിന് കാരണം.
എന്നാൽ പമ്പ വരെയുള്ള റാന്നി വനം വകുപ്പ് ഡിവിഷൻ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ പ്രസ്തുത ഭാഗങ്ങളിൽ ചിത്രീകരണം നടക്കും. ചിത്രത്തിന് ദേവസ്വം ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. മീര ജാസ്മിൻ നായികയായെത്തുന്ന ചിത്രത്തിൽ ‘ലൗലജൻ’ എന്ന പോലീസ് കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഭക്തർക്കൊപ്പം പോലീസ് യൂണിഫോമിൽ നിൽക്കുന്ന ലൗലജനെ കാണിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. ബിനു പപ്പു സഹസംവിധാനവും വിവേക് ഹർഷൻ എഡിറ്റിംഗും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദും ആർട്ട് ഡയറക്ഷൻ ഗോകുൽദാസുമാണ്. മഷാർ ഹംസ (കോസ്റ്റ്യൂം), സുധർമൻ (പ്രൊഡക്ഷൻ കൺട്രോളർ), റോണെക്സ് സേവിയർ (മേക്കപ്പ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ഒബ്സ്ക്യൂറ എന്റർടൈൻമെന്റാണ് ചിത്രത്തിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് നിർവഹിക്കുന്നത്.
