ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ ട്രംപ് ‘ഗണ്യമായി കുറയ്ക്കുന്നു’

ത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള തന്റെ “വളരെ നല്ല ബന്ധത്തിന്റെ” പേരിൽ ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് വീണ്ടും രംഗത്ത്. ദക്ഷിണ കൊറിയയുമായി അമേരിക്ക വർഷങ്ങളായി നടത്തിവരുന്ന സംയുക്ത സൈനികാഭ്യാസങ്ങൾ ഗണ്യമായി കുറയ്ക്കാൻ ട്രംപ് ഉത്തരവ് നൽകിയിരിക്കുകയാണ്. സൈനികാഭ്യാസങ്ങൾക്കായി അമേരിക്ക വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും, ഉത്തര കൊറിയയുമായി നിലനിൽക്കുന്ന സൗഹൃദ അന്തരീക്ഷത്തിന് ഇത് അനുയോജ്യമല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

തന്റെ ഭരണകാലത്ത് ഉത്തര കൊറിയയിൽ നിന്ന് ഭീഷണികളോ അനാദരവോ ഉണ്ടായിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ ഇത്തരം സൈനികാഭ്യാസങ്ങൾ ശത്രുതാപരമായ സന്ദേശമാണ് നൽകുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. സൈനികാഭ്യാസങ്ങൾ പൂർണ്ണമായി റദ്ദാക്കാൻ വൈകിയതുകൊണ്ട്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് ഇവ “ഗണ്യമായി കുറയ്ക്കാൻ” നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, ഇറാനെതിരെയുള്ള ആണവനിരാകരണ നീക്കത്തിൽ ഒപ്പം ചേരാൻ ദക്ഷിണ കൊറിയയോട് ആവശ്യപ്പെട്ടെങ്കിലും അവർ അത് നിരസിച്ച കാര്യവും ട്രംപ് തന്റെ പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ, ദക്ഷിണ കൊറിയയുമായുള്ള നിശ്ചയിച്ച പ്രകാരമുള്ള സൈനികാഭ്യാസങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പോലെ തന്നെ മുന്നോട്ട് പോകുമെന്ന് സിയോൾ വ്യക്തമാക്കിയിട്ടുണ്ട്.അടുത്തിടെ കിം ജോങ് ഉന്നുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അവരുടെ സൗഹൃദത്തെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ ഇത്തരത്തിലുള്ള വലിയ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയും ദക്ഷിണ കൊറിയൻ സൈനിക മേധാവികളും ചേർന്ന് ‘ഉൽച്ചി ഫ്രീഡം ഷീൽഡ്’ സംയുക്ത സൈനികാഭ്യാസം പ്രഖ്യാപിച്ചിരുന്നത്.

അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള പുതിയ നയപരമായ അടുപ്പവും, സഖ്യരാഷ്ട്രമായ ദക്ഷിണ കൊറിയയോടുള്ള ട്രംപിന്റെ നിലപാടും അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *