തൃണമൂൽ കോൺഗ്രസിന്റെ കള്ളപ്പണ ഇടപാട്;

എംബ്രയർ ജെറ്റ് വിമാനവും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാങ്ങാൻ പാർട്ടി ഫണ്ടിൽനിന്നും വിമാന കമ്പനിക്ക് 160 കോടി രൂപ നൽകിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ വിമാനവും ഹെലികോപ്റ്ററും പിന്നീട് ഉയർന്ന നിരക്കിൽ തൃണമൂൽ കോൺഗ്രസ് തന്നെ വാടകയ്ക്കെടുക്കുകയും ചെയ്തതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കെയർവെൽ എവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിലേക്കാണ് ടി.എം.സി. അക്കൗണ്ടുകളിൽ നിന്ന് തുക കൈമാറിയത്. ഇതിനുപുറമേ, വാടകയായി മാത്രം 187 കോടി രൂപയും തൃണമൂൽ ഈ കമ്പനിക്ക് നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തിലാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവന്നത്.

വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാൻ സ്വന്തമായി തുകയില്ലാതിരുന്ന ഈ ഏവിയേഷൻ കമ്പനിക്ക് ഇവ വാടകയ്‌ക്കെടുക്കാൻ 88.5 കോടി രൂപ പലിശരഹിത സെക്യൂരിറ്റി ഡെപ്പോസിറ്റായി പാർട്ടി നൽകിയതും ഇഡി പരിശോധിച്ചുവരികയാണ്. എംബ്രയർ ലെഗസി 600 ബിസിനസ് ജെറ്റും അഗസ്റ്റവെസ്റ്റ്ലാന്റ് 109SP ഹെലികോപ്റ്ററും വാങ്ങാനാണ് ഈ തുക ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് ഇവ പാർട്ടിക്ക് തന്നെ ഉയർന്ന വാടകയ്ക്ക് നൽകുകയായിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപിച്ചുള്ള പണമിടപാട് കേസ് അന്വേഷണത്തിന്റെ ഭാഗമായി ടി.എം.സിയുടെ 440.42 കോടി രൂപ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്.സെക്യൂരിറ്റി ഡെപ്പോസിറ്റ് ലഭിച്ച ഉടൻ തന്നെ, കെയർവെൽ ഏവിയേഷൻ ഈ തുക ഗുജറാത്തിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) രജിസ്റ്റർ ചെയ്തിട്ടുള്ള ‘കെയർവെൽ ഫ്‌ലൈജെറ്റ് ഐ.എഫ്.എസ്.സി. പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന് കൈമാറുകയായിരുന്നു. ഗിഫ്റ്റ് സിറ്റിയിലെ സ്ഥാപനങ്ങൾ ഓഫ്ഷോർ സ്ഥാപനങ്ങളായാണ് പ്രവർത്തിക്കുന്നത്. ഗുജറാത്തിലെ സ്ഥാപനത്തിന് കെയ്മാൻ ദ്വീപുകളിൽ നിന്ന് ലഭിച്ച 16 കോടിയോളം രൂപയെക്കുറിച്ചും ഇഡി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിമാനത്തിന് പ്രതിമാസം കുറഞ്ഞത് 90 ലക്ഷം രൂപയും ഹെലികോപ്റ്ററിന് 60 ലക്ഷം രൂപയും വാടകയായി നൽകണമെന്ന വ്യവസ്ഥയിലുള്ള ഈ ഇടപാടുകൾ പൂർണ്ണമായും സംശയാസ്പദമാണെന്നാണ് ഇഡിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *