യുജിസി-നെറ്റ് പരീക്ഷയുടെ മൂന്ന് ചോദ്യപേപ്പറുകൾ റദ്ദാക്കി പുനഃക്രമീകരിച്ചതിന് പിന്നാലെ, സർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ ബോഡിയുടെ ഗുരുതരമായ വീഴ്ചകൾക്ക് വിദ്യാർത്ഥികൾ കനത്ത വില നൽകേണ്ടി വരികയാണെന്നും, രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ഒരു ചൂഷണ യന്ത്രമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റ് സമ്മതിക്കാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
മോദി സർക്കാരിന്റെ കീഴിൽ എൻ.ടി.എ വരുത്തിയ പിഴവുകൾ കാരണം മാസങ്ങളോളം കഠിനാധ്വാനം ചെയ്ത ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് വീണ്ടും പരീക്ഷ എഴുതാൻ നിർബന്ധിതരായിരിക്കുന്നത്. വർഷങ്ങളോളം തയ്യാറെടുപ്പുകൾ നടത്തി, അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച്, ഫീസ് ഒടുക്കി, വിദൂരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ വീണ്ടും സെപ്റ്റംബറിൽ സമാനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു. എൻ.ടി.എ വരുത്തുന്ന തെറ്റുകൾക്ക് വിദ്യാർത്ഥികളാണ് ശിക്ഷ അനുഭവിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു“പരീക്ഷയ്ക്ക് മുമ്പ് ഈ ചോദ്യപേപ്പറുകൾ ചോർന്നോ?” എന്ന യഥാർത്ഥ ചോദ്യത്തിന് എൻ.ടി.എ ഇതുവരെ കൃത്യമായ ഉത്തരം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പേപ്പറുകളെക്കുറിച്ച് ഉയർന്ന പരാതികൾ ഒരു വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് എൻ.ടി.എ പുനഃപരീക്ഷ പ്രഖ്യാപിച്ചത്. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിലുള്ള ആഴത്തിലുള്ള തകർച്ചകളാണ് ഇത്തരം സംഭവങ്ങൾ വെളിപ്പെടുത്തുന്നത്. ഭരണപരമായ വീഴ്ചകൾ കാരണം വിദ്യാർത്ഥികൾ ദുരിതത്തിലാകുമ്പോൾ, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
