10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി, ഉടമ കസ്റ്റഡിയില്‍

പലഹാരത്തിന് പകരം ലഹരി വില്‍പ്പന നടത്തിയ സംഭവം നാടിനെ ഞെട്ടിക്കുന്നു. പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ പത്തുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് എക്സൈസ് സംഘം പിടികൂടിയത്. ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഓഗസ്റ്റ് 17-ന് ഉച്ചയ്ക്ക് കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ ലഹരിവേട്ട നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പി.ആർ.ബേക്കറി ഉടമ ഏറ്റുമാനൂർ പേരൂർ കണ്ടൻചിറ സ്വദേശി ഉണ്ണിക്കുട്ടനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതിക്ക് 10,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ, സ്ഥാപനത്തിന്റെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാൻ ഏറ്റുമാനൂർ നഗരസഭയ്ക്ക് എക്സൈസ് വകുപ്പ് നോട്ടീസ് നൽകുമെന്നും അധികൃതർ അറിയിച്ചു.അന്യസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് ബേക്കറിയുടെ മറവിൽ രഹസ്യമായി വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. ഒരു പായ്ക്കറ്റിന് 100 രൂപ നിരക്കിലാണ് ഈടാക്കിയിരുന്നത്. കടയിൽ നേരിട്ടെത്തുന്നവര്‍ക്കും ആവശ്യക്കാര്‍ പറയുന്ന മറ്റ് സ്ഥലങ്ങളില്‍ എത്തിച്ചും വില്‍പ്പന നടത്തിയതായി എക്സൈസ് സംഘം കണ്ടെത്തി.

കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആർ. ദർശകിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ഹരിഹരൻപോറ്റി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.എൻ. അജിത്ത് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *