തുടർച്ചയായി 10 വർഷം കേരളം ഭരിച്ച ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണങ്ങൾ ചർച്ചയാകുമ്പോഴും, ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വിഷയം കാര്യമായി കടന്നുവന്നില്ല. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും റിപ്പോർട്ടിനെ കേന്ദ്രീകരിച്ച് രണ്ടു ദിവസമായി നടന്ന ചർച്ചയിലും തിരഞ്ഞെടുപ്പ് തോൽവി സംഘടന പൂർണമായി അവഗണിച്ചു. കനത്ത തോൽവിക്കു പിന്നാലെ താഴേത്തട്ടിൽ വരെ വിമർശനം ഉയരുകയും തിരിച്ചടി മറികടക്കാൻ സിപിഎം വിപുലീകൃത സംസ്ഥാന സമ്മേളനം വിളിച്ച് പ്രവർത്തനം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് യുവജന സംഘടനയുടെ സമ്മേളനത്തിലും തോൽവി ചർച്ചയാകാതിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ‘അപ്രതീക്ഷിത തോൽവി’ ഉണ്ടായെന്ന പരാമർശം മാത്രമാണ് റിപ്പോർട്ടിലുള്ളത്. തോൽവിയുടെ കാരണങ്ങളിലേക്ക് റിപ്പോർട്ട് കടക്കുന്നില്ല. മണ്ഡലാടിസ്ഥാനത്തിൽ സംഘടന പ്രചാരണ പരിപാടികൾ നടത്തിയെന്നും സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ അഞ്ചുപേർ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ മൂന്നുപേർ വിജയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കേരളത്തിൽ ഭരണമാറ്റം വേണമെന്നു പ്രസ്താവിച്ച സാംസ്കാരിക നായകരെ റിപ്പോർട്ട് വിമർശിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെയും പാർലമെന്റ് തിരഞ്ഞെടുപ്പിലെയും ഇടതുമുന്നണിയുടെ പരാജയത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമില്ല.അതേസമയം, പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കാൻ റിപ്പോർട്ടിൽ ആറു ഖണ്ഡിക മാറ്റിവച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ അഭിനന്ദിക്കുന്ന റിപ്പോർട്ടിൽ പുതിയ സർക്കാരിന്റെ പ്രവർത്തനത്തിനെതിരായ വിമർശനങ്ങളും വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തന റിപ്പോർട്ട് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ളതുമാത്രമാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ പിഎസ്സി പരീക്ഷാത്തട്ടിപ്പ് ആരോപണം, കേരളത്തിലെ തൊഴിലില്ലായ്മ, റാങ്ക് പട്ടികയിലുള്ളവരുടെ സമരം തുടങ്ങിയ വിഷയങ്ങളിൽ റിപ്പോർട്ടിൽ പരാമർശമില്ല. രാജ്യത്തിന് മാതൃകയായ കേരള പിഎസ്സിക്കെതിരെ യുഡിഎഫ് കള്ളപ്രചാരണം നടത്തുകയാണെന്ന ന്യായീകരണം മാത്രമാണ് റിപ്പോർട്ടിലുള്ളത്.
കേന്ദ്രസർക്കാരിനെതിരെ തൊഴിലില്ലായ്മ വിഷയത്തിൽ രൂക്ഷ വിമർശനം ഉയർത്തുമ്പോഴും കേരളത്തിലെ തൊഴിലില്ലായ്മയും റാങ്ക് പട്ടികയിലുള്ളവരുടെ സമരവും റിപ്പോർട്ട് തമസ്കരിക്കുന്നു. പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ ധാരണാപത്രം ഒപ്പിട്ടതിനെക്കുറിച്ചും മൗനം പാലിക്കുന്നു. പൊതുചർച്ചയിലും സിപിഎമ്മിനും അതിലെ ഉന്നത നേതാക്കൾക്കുമെതിരെ വിമർശനം ഉയരാതിരിക്കാനും നേതൃത്വം ശ്രദ്ധിച്ചുവെന്നാണ് റിപ്പോർട്ടിൽനിന്ന് വ്യക്തമാകുന്നത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ സംഘടനയുടെ സമ്മേളനത്തിൽ കാര്യമായി ചർച്ച ചെയ്യാതിരുന്നത് ശ്രദ്ധേയമായി.
