ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇറാന്റെ പുതിയ സൈനിക തന്ത്രം!

ത്രുക്കളെല്ലാം ഒന്ന് കരുതിയിരുന്നോളൂ, ആക്രമണം അഴിച്ചുവിടുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിച്ചോളൂ. കാരണം, ഇറാൻ ഇനി പഴയ ട്രാക്കിലല്ല എന്ന കാര്യം വ്യക്തമാണ്. ശത്രുവിന്റെ നീക്കം കാത്തിരുന്ന് തിരിച്ചടിക്കുന്നതിന് പകരം, ഇനി മുൻകൈയെടുത്ത് കളം മാറ്റാൻ ഇറാൻ തയ്യാറെടുക്കുകയാണോ? ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് മാത്രമല്ല, അതിനുശേഷമുള്ള രണ്ടും മൂന്നും നീക്കങ്ങൾ പോലും കണക്കുകൂട്ടേണ്ട അവസ്ഥയിലാണ് എതിരാളികൾ. ഇതുവരെ “ആക്രമിച്ചാൽ തിരിച്ചടിക്കും” എന്ന പ്രതിരോധ നിലപാടാണ് ഇറാൻ ഉയർത്തിപ്പിടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ “ആവശ്യമായ സമയത്ത് മുൻകൈയെടുക്കും, ഭീഷണികളെ നേരത്തെ തന്നെ നിർവീര്യമാക്കും” എന്ന തരത്തിലുള്ള മുന്നറിയിപ്പാണ് ഇറാനിൽ നിന്ന് വരുന്നത്.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന ഉദ്യോഗസ്ഥൻ യാദുള്ള ജവാനി, എതിരാളികൾ “തന്ത്രപരമായ ആശ്ചര്യങ്ങൾ” പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇറാനിയൻ സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ നടന്ന സൈനിക നടപടികളെ ഇറാൻ പ്രധാനമായും പ്രതിരോധത്തിന്റെ ഭാഗമായാണ് കാണുന്നത്. യുദ്ധത്തിന് തുടക്കമിട്ടത് എതിരാളികളാണെന്നും അതിനുള്ള മറുപടിയായാണ് ഇറാൻ സൈനിക ശക്തി പ്രയോഗിച്ചതെന്നും ജവാനി വിശദീകരിച്ചു. എന്നാൽ ഇനി സ്ഥിതിഗതികൾ മാറിയേക്കാമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഭാവിയിൽ ഇറാന്റെ പ്രതികരണം വെറും തിരിച്ചടിയിൽ ഒതുങ്ങാതെ മുൻകൈയെടുക്കുന്ന, കൂടുതൽ ആക്രമണാത്മക സ്വഭാവം കൈവരിച്ചേക്കാമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.ആദ്യമേ സൂചിപ്പിച്ചത് പോലെ “ശത്രുക്കൾ തന്ത്രപരമായ ആശ്ചര്യങ്ങൾക്ക് തയ്യാറാകണം” എന്ന ജവാനിയുടെ മുന്നറിയിപ്പാണ് അന്താരാഷ്ട്ര രാഷ്ട്രിയത്തിൽ ശ്രദ്ധേയമായത്. ഇറാനെതിരെ പുതിയ ആക്രമണം ഉണ്ടാകുമെന്ന് കാത്തിരുന്ന ശേഷം മാത്രം പ്രതികരിക്കുന്ന രീതിയിൽ നിന്ന്, ഭീഷണി ഉയരുന്നതിന് മുമ്പുതന്നെ അതിന്റെ ഉറവിടത്തെ ലക്ഷ്യമിടുന്ന രീതിയിലേക്ക് സൈനിക നയം മാറാനുള്ള സാധ്യതയാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, ഇറാൻ ‘പ്രതിരോധം’ എന്ന ആശയത്തെ കൂടുതൽ വിശാലമായി നിർവചിച്ചേക്കാം. നേരിട്ടുള്ള ആക്രമണത്തെ തടയുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതും ഭാവിയിൽ പ്രതിരോധത്തിന്റെ ഭാഗമായിത്തന്നെ അവതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.

ഇറാന്റെ പുതിയ സൈനിക നേതൃത്വവും “പരമാവധി പ്രതിരോധം” എന്ന ആശയത്തിന് ഊന്നൽ നൽകുന്നതായി ജവാനി പറഞ്ഞു. പുതിയ കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അഹമ്മദ് വാഹിദിക്ക് നൽകിയ നിർദേശങ്ങൾ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ സായുധ സേന രാജ്യത്തെ സംരക്ഷിക്കുന്നതിനും ഭീഷണികളെ നിർവീര്യമാക്കുന്നതിനും “ഉചിതമായ സമയത്ത്” ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ സന്ദേശം. അതിനാൽ, ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുക എന്ന പരമ്പരാഗത സൈനിക സമീപനത്തോടൊപ്പം, ആക്രമണസാധ്യത തന്നെ ഇല്ലാതാക്കാൻ മുൻകൈയെടുക്കുന്നതും പുതിയ തന്ത്രത്തിന്റെ ഭാഗമാകുമെന്ന വിലയിരുത്തലുകൾ ശക്തമാകുകയാണ്.

ഇറാന്റെ സൈനിക നേതൃത്വം ഇതിനകം തന്നെ “ആക്റ്റീവ് ഡിറ്ററൻസ്” അഥവാ സജീവ പ്രതിരോധത്തിന്റെ ഭാഷ ഉപയോഗിച്ചുവരുന്നതും ശ്രദ്ധേയമാണ്. മെയ് മാസത്തിൽ IRGC കമാൻഡർ അഹമ്മദ് വാഹിദി ഇറാന്റെ സായുധ സേന മിസൈൽ, വ്യോമ, നാവിക, കര, ബഹിരാകാശ, സൈബർ മേഖലകളിൽ ഉയർന്ന ജാഗ്രതയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ ആക്രമണമുണ്ടായാൽ അതിന്റെ പ്രതികരണം ഇറാന്റെ അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു.

ഈ സാഹചര്യത്തിലാണ് ജവാനിയുടെ പുതിയ പരാമർശങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, ഇറാൻ സ്വന്തം സൈനിക തന്ത്രത്തെ പുനഃപരിശോധിക്കുകയാണെന്ന സൂചനയാണ് ഇത് നൽകുന്നത്. കഴിഞ്ഞ മാസങ്ങളിലെ സംഘർഷത്തിൽ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കും കമാൻഡ് സംവിധാനങ്ങൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടായതായി വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ ഭാവിയിൽ വീണ്ടും ആക്രമണമുണ്ടായാൽ, അതേ രീതിയിലുള്ള പരിമിതമായ തിരിച്ചടിക്ക് പകരം കൂടുതൽ വ്യാപകമായതോ മുൻകൂട്ടി ആസൂത്രണം ചെയ്തതോ ആയ പ്രതികരണം ഉണ്ടാകുമെന്ന ഭീഷണിയാണ് ഇറാനിയൻ നേതൃത്വം നൽകുന്നത്.അതേസമയം, ജവാനിയുടെ പ്രസ്താവനയിൽ ഇറാൻ ഏത് പ്രത്യേക സൈനിക നടപടികളാണ് സ്വീകരിക്കാൻ പോകുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ഉടൻ ഒരു ആക്രമണം നടത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനമായി കാണാനാകില്ല. മറിച്ച്, എതിരാളികളുടെ കണക്കുകൂട്ടലുകൾ മാറ്റുക, ഇറാനെ ആക്രമിക്കുന്നതിന് മുമ്പ് കൂടുതൽ വലിയ പ്രത്യാഘാതങ്ങൾ പരിഗണിക്കാൻ അവരെ നിർബന്ധിക്കുക, അതുവഴി പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ മുന്നറിയിപ്പായും ഇതിനെ കാണാം. നേരത്തെ തന്നെ IRGCയുടെ മുതിർന്ന ഉദ്യോഗസ്ഥർ ഇറാൻ തങ്ങളുടെ മുഴുവൻ സൈനിക ശേഷിയും പുറത്തെടുത്തിട്ടില്ലെന്നും നേരിട്ടുള്ള ഏറ്റുമുട്ടലിനും തയ്യാറാണെന്നും പറഞ്ഞിരുന്നു.

ഈ വാർത്ത ദേശീയ തലത്തിൽ ശ്രദ്ധ നേടിയതിന്റെ പ്രധാന കാരണം, ഇറാന്റെ പ്രതിരോധ നയത്തിൽ വാക്കുകളിലൂടെയെങ്കിലും സംഭവിക്കുന്ന ഈ മാറ്റമാണ്. വിയോൺ ന്യൂസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ജവാനിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളും ഇറാന്റെ പ്രതിരോധ നിലപാട് കൂടുതൽ ആക്രമണാത്മക രൂപത്തിലേക്ക് മാറാനുള്ള സാധ്യത ചർച്ച ചെയ്യുന്നു.

ഇനി ലോകം ഉറ്റുനോക്കുന്നത് ഇറാന്റെ വാക്കുകളിലേക്കല്ല, അടുത്ത നീക്കത്തിലേക്കാണ്. ആക്രമണം ഉണ്ടായാൽ മാത്രം തിരിച്ചടിക്കുന്ന പഴയ രീതിയിൽ നിന്ന് മാറി, ഭീഷണി ഉയരുന്നതിന് മുമ്പുതന്നെ അതിനെ നേരിടുന്ന പുതിയ തന്ത്രത്തിലേക്ക് ഇറാൻ നീങ്ങുകയാണെങ്കിൽ, പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സമവാക്യങ്ങൾ തന്നെ മാറിയേക്കാം. ജവാനിയുടെ “തന്ത്രപരമായ ആശ്ചര്യങ്ങൾ” എന്ന മുന്നറിയിപ്പ് വെറും ശക്തമായൊരു സന്ദേശമായി അവസാനിക്കുമോ, അതോ ഇറാൻ അത് യുദ്ധഭൂമിയിൽ പ്രാവർത്തികമാക്കുമോ എന്നതാണ് ഇനി നിർണായകം. അതുകൊണ്ടുതന്നെ, ഇനി എതിരാളികൾക്ക് മുന്നിലുള്ള വെല്ലുവിളി ഇറാന്റെ ഇന്നത്തെ നീക്കം മാത്രം മനസ്സിലാക്കുക എന്നതല്ല അടുത്ത നീക്കത്തിന് പിന്നിലെ രണ്ടാമത്തെയും മൂന്നാമത്തെയും നീക്കങ്ങൾ കൂടി കണക്കുകൂട്ടുക എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *