തീവ്രമായ ഉപരോധങ്ങളെയും നിരന്തരമായ ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഇറാൻ തന്റെ പ്രതിരോധ മേഖലയിൽ കൈവരിച്ചിരിക്കുന്ന കുതിച്ചുചാട്ടം ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയാകർഷിക്കുകയാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ഇറാന്റെ ഇച്ഛാശക്തി അമേരിക്കയ്ക്കും ഇസ്രയേൽ ഭരണകൂടത്തിനും കനത്ത തന്ത്രപരമായ പരാജയമാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് കാവൽ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ സെയ്ദ് മജീദ് ഇബ്നു അൽ-റെസ വ്യക്തമാക്കി. ഇറാനിൽ വെച്ചുനടന്ന ദേശീയ പ്രതിരോധ വ്യവസായ ദിനാചരണ ചടങ്ങിലാണ് അദ്ദേഹം ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ സൈനിക അറ്റാഷെമാരുടെ സാനിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വർഷങ്ങളുടെ അടിയുറച്ച സ്വാശ്രയത്വത്തിന്റെയും തദ്ദേശീയ വൈദഗ്ദ്ധ്യത്തിന്റെയും ഫലമായാണ് ഇന്നത്തെ നിലയിലേക്ക് ഇറാന്റെ പ്രതിരോധ വ്യവസായം വളർന്നിട്ടുള്ളതെന്ന് ബ്രിഗേഡിയർ ജനറൽ ഇബ്‌നു അൽ-റെസ ചൂണ്ടിക്കാട്ടി. രാജ്യത്തിന് മേൽ അടിച്ചേൽപ്പിക്കപ്പെട്ട കൊടും ഉപരോധങ്ങളെ ഒരു ശാപമായി കാണാതെ, അതിനെ അവസരമാക്കി മാറ്റാൻ ഇറാനിലെ ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും സാധിച്ചു. രാജ്യത്തിന്റെ സായുധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിലും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുന്നതിലും ഈ തദ്ദേശീയ മുന്നേറ്റം നിർണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ കാലങ്ങളിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാന് മേൽ അടിച്ചേൽപ്പിച്ച വിവിധ യുദ്ധങ്ങളെയും പ്രതിസന്ധികളെയും അദ്ദേഹം ഓർമ്മിപ്പിച്ചു. കടുത്ത വിദേശ ആക്രമണങ്ങളും നിരന്തരമായ സമ്മർദ്ദങ്ങളും നിലനിന്നിരുന്നിട്ടും, ഇറാന്റെ പ്രതിരോധ വ്യവസായം ഒരൊറ്റ നിമിഷം പോലും സ്തംഭിച്ചുപോയില്ല. മറിച്ച്, സൈനിക ഉപകരണങ്ങളുടെ ഉൽപാദന ലൈനുകൾ കൂടുതൽ വേഗതയിൽ പ്രവർത്തനക്ഷമമാക്കി നിലനിർത്താൻ രാജ്യത്തിന് കഴിഞ്ഞു. അത്യാധുനികമായ പുതിയ ആക്രമണ, പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് യുദ്ധക്കളത്തിൽ വിന്യസിച്ച് ശത്രുക്കളുടെ കണക്കുകൂട്ടലുകളെ പാടെ തെറ്റിക്കാനും ഇറാനിയൻ സൈന്യത്തിനായി.തദ്ദേശീയ ശേഷി, സായുധ സേനയുടെ വിട്ടുവ വീഴ്ചയില്ലാത്ത സന്നദ്ധത, ജനങ്ങളുടെ ദേശീയ ഐക്യം എന്നിവയാണ് ഇറാന്റെ പ്രതിരോധ ഭിത്തിയുടെ അടിത്തറയെന്ന് ആക്ടിംഗ് പ്രതിരോധ മന്ത്രി ഊന്നിപ്പറഞ്ഞു. എത്ര വലിയ ബാഹ്യ സമ്മർദ്ദങ്ങൾ ഉണ്ടായാലും ഇറാൻ ഒരിക്കലും അവയ്ക്ക് മുന്നിൽ അടിയറവ് പറയില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ വാക്കുകൾ നൽകുന്നത്. ഫലപ്രദവും ശക്തവുമായ ഒരു പ്രതിരോധ സംവിധാനം എപ്പോഴും വിദേശ സഹായങ്ങളെക്കാൾ സ്വന്തം സാങ്കേതികവിദ്യയെയും ദേശീയ വ്യാവസായിക ശേഷിയെയുമാണ് ആശ്രയിക്കേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ ഇറാൻ.
അതേസമയം, നിലവിലെ പ്രാദേശികവും ആഗോളവുമായ പ്രതിസന്ധികൾ വഷളാക്കുന്നതിൽ അമേരിക്കയും ഇസ്രയേൽ ഭരണകൂടവുമാണ് പ്രധാന പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. നിരന്തരമായ യുദ്ധങ്ങളും രാഷ്ട്രങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനങ്ങളും തടയുന്നതിൽ അന്താരാഷ്ട്ര സ്ഥാപനങ്ങളും സംഘടനകളും കാണിക്കുന്ന അലംഭാവവും കാര്യക്ഷമതയില്ലായ്മയും ലോകസമാധാനത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അന്താരാഷ്ട്ര നിയമങ്ങളെയും നീതിയെയും കാറ്റിൽപ്പറത്തുന്ന ഇത്തരം നടപടികൾ ആഗോള സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നിർദ്ദേശങ്ങളും ബ്രിഗേഡിയർ ജനറൽ മുന്നോട്ടുവെച്ചു. പേർഷ്യൻ ഗൾഫ് മേഖലയിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രദേശത്തെ രാജ്യങ്ങൾ പരസ്പരം സഹകരിച്ചുകൊണ്ട് ഒരു കൂട്ടായ സുരക്ഷാ സംവിധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ ഇറാൻ ഏതറ്റം വരെയും പോകും. എങ്കിലും, മേഖലയിൽ ശാശ്വത സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് സമാന മനസ്കരായ മറ്റ് രാജ്യങ്ങളുമായി സഹകരിക്കാൻ ഇറാൻ എപ്പോഴും സന്നദ്ധമാണെന്ന് അദ്ദേഹം ഉറപ്പുനൽകി.
