മോദിയുടെ പ്രിയപ്പെട്ട പശു ഇനത്തെ വളർത്താൻ ബീഹാർ കർഷകർ

വലുപ്പം ചെറുത്, വില കേട്ടാൽ ഞെട്ടും! രണ്ട് പശുക്കൾക്ക് മാത്രം മൂന്ന് ലക്ഷം രൂപയിലധികം വില. ബിഹാറിലെ കർഷകർ ഇപ്പോൾ വളർത്തുന്നത് രാജ്യത്തെ അപൂർവമായ പശുഇനങ്ങളിൽ ഒന്നായ പുങ്കനൂർ പശുക്കളെയാണ്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള ഈ ഇനം ലോകത്തിലെ ഏറ്റവും ചെറിയ പശുക്കളിൽ ഒന്നാണ്. രണ്ട് മുതൽ മൂന്ന് അടി വരെ മാത്രം ഉയരമുള്ള ഇവയെ ചെറിയ സ്ഥലത്തുപോലും വളർത്താം. ഈ വർഷം മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ വസതിയിൽ പുങ്കനൂർ പശുക്കൾക്ക് തീറ്റ നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ ഇനം വീണ്ടും ശ്രദ്ധ നേടിയത്.

ഛപ്രയിലെ യുവ കർഷകരും ഇപ്പോൾ പുങ്കനൂർ പശുക്കളെ വളർത്തുന്നതിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ലഹ്‌ലാദ്പുർ ബ്ലോക്കിലെ താജ്പുർ ബാഷി ബലുവ തോല സ്വദേശിയായ മുഹമ്മദ് ഹമീദ് കമാൽ രണ്ട് പുങ്കനൂർ പശുക്കളെയാണ് വളർത്തുന്നത്. ഇവ രണ്ടിന്റെയും വില മൂന്ന് ലക്ഷം രൂപയിലധികമാണെന്നാണ് റിപ്പോർട്ട്. ചെറിയ വലുപ്പം കാരണം കുറച്ച് സ്ഥലത്ത് തന്നെ ഇവയെ വളർത്താൻ കഴിയും. തീറ്റയും വളരെ കുറച്ച് മതിയാകും. അതിനാൽ കുറഞ്ഞ ചെലവിൽ പശുപരിപാലനം നടത്താൻ കർഷകർക്ക് സാധിക്കുമെന്നതാണ് ഈ ഇനത്തിന്റെ പ്രധാന പ്രത്യേകത.പുങ്കനൂർ പശുക്കളുടെ പാലിനും വലിയ വിലമതിപ്പുണ്ട്. പോഷകസമൃദ്ധവും ഔഷധഗുണങ്ങളുള്ളതുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പശുവളർത്തലിൽ എപ്പോഴും താൽപര്യമുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രിയും ഈ ഇനത്തെ വളർത്തുന്നതായി കണ്ടതോടെയാണ് പുങ്കനൂർ പശുക്കളെക്കുറിച്ച് അന്വേഷിച്ചതെന്നും ഹമീദ് കമാൽ പറഞ്ഞു. വലുപ്പം വളരെ കുറവാണെങ്കിലും ഏറ്റവും വിലയേറിയ പശുക്കളിൽ ഒന്നാണെന്നും അദ്ദേഹം പറയുന്നു.

ചെറിയ ശരീരം, കുറഞ്ഞ തീറ്റച്ചെലവ്, കുറച്ച് സ്ഥലത്ത് വളർത്താനുള്ള സൗകര്യം, വിലമതിപ്പുള്ള പാൽ എന്നിവയാണ് പുങ്കനൂർ പശുക്കളെ കർഷകരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. ഇതോടൊപ്പം വിപണിയിലെ ഉയർന്ന വിലയും ഈ അപൂർവ ഇനത്തിന്റെ സാമ്പത്തിക സാധ്യതയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലും വളർത്തുന്ന ഇനം എന്ന പ്രത്യേകത കൂടി വന്നതോടെ പുങ്കനൂർ പശുക്കൾ ഇപ്പോൾ ബിഹാറിലെ കർഷകർക്കിടയിലും കൗതുകമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *