ഇറാന്റെ സമ്പദ്വ്യവസ്ഥയെ പൂർണമായി തകർക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക സമ്മർദം കടുപ്പിക്കുന്നു. ഇറാനുമായുള്ള സാമ്പത്തിക ബന്ധം തുടരുകയും കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ഡോളർ വിനിമയ സംവിധാനത്തിൽനിന്ന് പൂർണമായി പുറത്താക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് അമേരിക്ക നൽകിയിരിക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് മുന്നറിയിപ്പ് നൽകിയത്.
ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണമായി ഉപേക്ഷിക്കാൻ തയാറാകാത്ത രാജ്യങ്ങൾ ശക്തമായ ഉപരോധം നേരിടേണ്ടിവരുമെന്നാണ് ബെസന്റിന്റെ നിലപാട്. ഉപരോധ ഭീഷണി നേരിടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേരുകൾ അദ്ദേഹം നേരിട്ട് പറഞ്ഞില്ല. എന്നാൽ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഇനി ആർക്കും ഇരുപക്ഷത്തും ചേരാതെ നിലപാടെടുക്കാൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് അമേരിക്ക നൽകുന്നത്.
‘കൊലയാളി ഭരണകൂടം’ എന്ന് വിശേഷിപ്പിച്ച ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും അമേരിക്കൻ നിലപാടിൽ യാതൊരു അവ്യക്തതയുമില്ലെന്നും ബെസന്റ് പറഞ്ഞു. ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടിൽ ഏർപ്പെടുന്നവർ അമേരിക്കൻ അധികാരത്തിന്റെ പൂർണമായ പ്രഹരശേഷി നേരിടേണ്ടിവരും. ഇറാനെ പ്രതിരോധിക്കാൻ സഹായിക്കുന്ന രാജ്യങ്ങൾക്കും ഒടുവിൽ ഇറാന്റെ ഒറ്റപ്പെടലിൽ പങ്കുചേരേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നിലവിൽ ചൈന, തുർക്കി, യുഎഇ എന്നിവയാണ് ഇറാന്റെ പ്രധാന ആഗോള വ്യാപാര പങ്കാളികൾ. പശ്ചിമേഷ്യൻ യുദ്ധം ആറുമാസം പിന്നിടുന്ന സാഹചര്യത്തിലാണ് ഇറാന്റെ സമ്പദ്വ്യവസ്ഥയെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക പുതിയ സമ്മർദ തന്ത്രം ശക്തമാക്കുന്നത്. സാമ്പത്തിക ബന്ധങ്ങൾ തുടരുന്ന രാജ്യങ്ങളെ കൂടി സമ്മർദത്തിലാക്കാനുള്ള അമേരിക്കൻ നീക്കം മേഖലയുടെ വ്യാപാര ബന്ധങ്ങളിലും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാം.
