മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനുള്ള ലീഗിൻ്റെ പരസ്യ പിന്തുണയും, കെസി വേണുഗോപാലിനോടുള്ള എതിർപ്പും, കോൺഗ്രസ്സിൽ രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായ ഏകീകരണത്തിനാണ് ഇപ്പോൾ വഴിവച്ചിരിക്കുന്നത് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് മുസ്ലീംലീഗിൻ്റെ പിന്തുണ വിഡി സതീശനാണ് എന്ന പാണക്കാട് സാദിഖലി തങ്ങളുടെ നിലപാട് യു ഡി എഫ് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കാൻ പോകുന്നത്. അതിൻ്റെ അലയൊലി യുഡിഎഫിന് ഭരണം ലഭിച്ചാൽ മുന്നണിക്ക് അകത്ത് മാത്രമല്ല, പുറത്തും ആഞ്ഞടിക്കുമെന്ന കാര്യവും ഉറപ്പാണ്.ലീഗ് വിഡി സതീശനെ പിന്തുണച്ചപ്പോൾ, കോൺഗ്രസ്സിൽ മറ്റൊരു ഏകീകരണമാണ് സംഭവിച്ചിരിക്കുന്നത്. അത് സതീശന് എതിരാണ് എന്നതാണ് യാഥാർത്ഥ്യം. മത്സരിച്ച ഭൂരിപക്ഷ സ്ഥാനാർത്ഥികളും എംപിമാരും മറ്റ് ഉന്നത കോൺഗ്രസ്സ് നേതാക്കളുമെല്ലാം, ലീഗ് ഇങ്ങനെയൊരു പരസ്യ നിലപാട് സ്വീകരിച്ചതിൽ വലിയ രോക്ഷത്തിലാണ് ഉള്ളത്.
കോൺഗ്രസ്സിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ലീഗിന് എന്താണ് അവകാശമെന്നതാണ് അവർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. ലീഗിൻ്റെ മന്ത്രിമാർ ആരാകണമെന്ന അഭിപ്രായം കോൺഗ്രസ്സ് പറയാത്ത സാഹചര്യത്തിൽ ഇത്തരം അഭിപ്രായ പ്രകടനം അനുചിതമാണെന്ന നിലപാട് കോൺഗ്രസ്സ് ഹൈക്കമാൻ്റിനും ഉണ്ട്.
മുസ്ലീംലീഗ് യു ഡി എഫിലെ പ്രധാന ഘടകകക്ഷി ആയതിനാൽ, കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കി ഉപതിരഞ്ഞെടുപ്പിന് തയ്യാറാകരുത് എന്ന ലീഗ് നിലപാടിന് കോൺഗ്രസ്സ് ഹൈക്കമാൻ്റ് വഴങ്ങിയാലും, ലീഗിൻ്റെ താല്പര്യപ്രകാരം ഒരിക്കലും വിഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻ്റ് ശ്രമിക്കുകയില്ല. അങ്ങനെ ഒരു തീരുമാനം കോൺഗ്രസ്സ് ഇനി എടുക്കുന്നത് ലീഗിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമായാണ് മാറുക. അത് കോൺഗ്രസ്സ് നേതൃത്വം മാത്രമല്ല, യു ഡി എഫിലെ ലീഗ് ഒഴികെയുള്ള മറ്റ് ഘടക കക്ഷികൾ പോലും ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ ഒരു സാഹചര്യത്തിൽ, ഭരണം യുഡിഎഫിന് ആണെങ്കിൽ തീർച്ചയായും രമേശ് ചെന്നിത്തലയ്ക്ക് തന്നെ ആയിരിക്കും ആദ്യം നറുക്ക് വീഴുക. ലീഗിൻ്റെ നിലപാടിൽ അതൃപ്തിയുള്ള എ.ഐ.സി സി ജനറൽ സെകട്ടറി കെസി വേണുഗോപാലും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗവും രമേശ് ചെന്നിത്തലയ്ക്കാണ് പിന്തുണ നൽകുക. കോൺഗ്രസ്സിലെ എ വിഭാഗത്തിൻ്റെ പിന്തുണയും ചെന്നിത്തലയ്ക്ക് തന്നെയാണ് ലഭിക്കാൻ പോകുന്നത്. അങ്ങനെ വന്നാൽ, ജയിച്ച് വരുന്ന കോൺഗ്രസ്സ് എം.എൽ എമാരിൽ ഭൂരിപക്ഷത്തിൻ്റെയും പിന്തുണയും ചെന്നിത്തലയ്ക്ക് ആയിരിക്കും. മാത്രമല്ല, ലീഗിൻ്റെ പരസ്യ നിലപാടിൽ പ്രതിഷേധമുള്ള എംപിമാരും മുതിർന്ന കോൺഗ്രസ്സ് നേതാക്കളും ലീഗ് മുന്നോട്ട് വയ്ക്കുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കരുത് എന്ന നിലപാട് സ്വീകരിക്കുന്നത് കണ്ടില്ലന്ന് നടിക്കാൻ ഹൈക്കമാൻ്റിനും കഴിയുകയില്ല.
അത്തരം ഒരു നിലപാട് ഈ നേതാക്കൾ എല്ലാം സ്വീകരിക്കാൻ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. അത്, ലീഗ് ആവശ്യപ്രകാരം ആരെയെങ്കിലും മുഖ്യമന്ത്രി ആക്കിയാൽ ഭൂരിപക്ഷ സമുദായങ്ങളും, ക്രൈസ്തവ വിഭാഗങ്ങളും കോൺഗ്രസ്സിൽ നിന്നും അകലുമെന്നതാണ്. ഈ ഘടകങ്ങൾ എല്ലാം പരിഗണിക്കാതെ ഒരു തീരുമാനമെടുക്കാൻ എന്തായാലും കോൺഗ്രസ്സ് ഹൈക്കമാൻ്റിനും കഴിയുകയില്ല.
‘മുസ്ലീംലീഗ് താല്പര്യപ്രകാരം, മുതിർന്ന നേതാക്കളെ തഴഞ്ഞ് കോൺഗ്രസ്സ്, കേരളത്തിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു’ എന്ന ഒരു പ്രചരണം ദേശീയ തലത്തിൽ ഉയരുന്നത് എന്തായാലും കോൺഗ്രസ്സ് ഹൈക്കമാൻ്റ് ആഗ്രഹിക്കുകയില്ലല്ലോ ? ലീഗിൻ്റെ പതാക തന്നെ, ഉത്തരേന്ത്യയിൽ ബി.ജെ.പി കോൺഗ്രസ്സിന് എതിരായ പ്രചരണമാക്കി എങ്ങനെയൊക്കെ മാറ്റി എന്നറിയുന്ന കോൺഗ്രസ്സ് ദേശീയ നേതൃത്വം, അതുകൊണ്ടു തന്നെ കേരളത്തിലെ മുഖ്യമന്തി സ്ഥാനം സംബന്ധിച്ച് ഒരു റിസ്‌ക് എടുക്കാൻ എന്തായാലും തയ്യാറാവുകയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
കെ സി വേണുഗോപാലിന് എതിരായ നിലപാട് സ്വീകരിക്കുന്ന മുസ്ലിംലീഗിന് പോലും രമേശ് ചെന്നിത്തലയുടെ പേര് ഹൈക്കമാൻ്റ് മുന്നോട്ട് വച്ചാൽ അത് എന്തായാലും തള്ളിക്കളയാൻ കഴിയുകയില്ല. സതീശനും ഈ നിലപാട് അംഗീകരിക്കേണ്ടതായി വരും.
വിഡി സതീശൻ്റെ നിലപാടുകളെ വ്യക്തിപരമായി ഇഷ്ടപ്പെടുന്ന അനവധി പേർ യുഡിഎഫിലും പൊതു സമൂഹത്തിലും ഉണ്ട്. പ്രത്യേകിച്ച് വെള്ളാപ്പള്ളിയോടും സുകുമാരൻ നായരോടും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളെ അഭിനന്ദിക്കാതിരിക്കാൻ മതേതര നിലപാടുകളുള്ള ആർക്കും തന്നെ കഴിയുകയുമില്ല. അതുപോലെ തന്നെ രാഷ്ട്രീയ വിഷയങ്ങളിലെ വിഡി സതീശൻ്റെ ഉറച്ച നിലപാടുകളും ഒരുപാട് പേരെ ആകർഷിക്കുന്നുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.
ഇതൊക്കെ പറയുമ്പോഴും, സി.പി.എമ്മിനെ പോലെ ഒരു കേഡർ പാർട്ടി അല്ല കോൺഗ്രസ്സ് എന്നതും, ഇടതുപക്ഷം പോലെ കെട്ടുറപ്പുള്ള ഒരു മുന്നണി അല്ല യുഡിഎഫ് എന്നതും വിഡി സതീശന് വേണ്ടി വാദിക്കുന്നവർ തിരിച്ചറിയേണ്ടതുണ്ട്. എല്ലാ വിഭാഗത്തിൻ്റെയും താൽപര്യങ്ങൾ മാനിക്കാതെ കോൺഗ്രസ്സിന് ഒരിക്കലും ഏകപക്ഷീയമായി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പറ്റുകയില്ല. അങ്ങനെ ഏകപക്ഷീയമായി തീരുമാനിച്ചാൽ, വലിയ പൊട്ടിത്തെറി തന്നെ കോൺഗ്രസ്സ് പാർട്ടിയിലും മുന്നണിയിലും സംഭവിക്കും. വ്യാപക വിമർശനങ്ങളും നേരിടേണ്ടതായി വരും. അതിൻ്റെ ഒക്കെ അലയൊലികൾ ദേശീയ തലത്തിലും തീർച്ചയായും വ്യാപിക്കും. അതുകൊണ്ട് തന്നെ, എല്ലാ വിഭാഗത്തിനും സ്വീകാര്യമായ ഒരു തീരുമാനമായിരിക്കും കോൺഗ്രസ്സ് ഹൈക്കമാൻ്റ് കൈക്കൊള്ളുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ഇവിടെയാണ് രമേശ് ചെന്നിത്തലയെ പോലുള്ള ഒരു സീനിയർ നേതാവിൻ്റെ പേരിന് പ്രസക്തി വർദ്ധിക്കുക. ഈ പറയുന്ന വിഡി സതീശനും, കെസി വേണുഗോപാലും രമേശ് ചെന്നിത്തലയുടെ കീഴിൽ മുൻപ് ഒരേ ഗ്രൂപ്പിൽ പ്രവർത്തിച്ചവരാണ് എന്നതും നാം മറന്ന് പോകരുത്. ‘തൻ്റെ നേതാവാണ് രമേശ് ചെന്നിത്തല എന്ന്, പലവട്ടം വിഡി സതീശൻ തന്നെ പരസ്യമായി തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.
ഈ സാഹചര്യത്തിൽ, അദ്ദേഹത്തിൻ്റെ കീഴിൽ മന്ത്രിസഭയിൽ ഇരിക്കാൻ, വിഡി സതീശന് ഒരിക്കലും താല്പര്യകുറവ് ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് രാഷ്ട്രീയ വനവാസത്തിനും പോകേണ്ടി വരികയില്ല. വിഡി സതീശനെ ഇനിയും കേരള രാഷ്ട്രീയത്തിന് ആവശ്യമുണ്ട്. ഇപ്പോഴല്ലെങ്കിൽ, മറ്റൊരു അവസരത്തിൽ, തീർച്ചയായും അദ്ദേഹത്തിന് കേരളത്തിൻ്റെ മുഖ്യമന്ത്രിയാകാൻ അവസരവുമുണ്ട് . അതുപോലെ തന്നെ കെസി വേണുഗോപാലിന് മുന്നിലും അവസരമുണ്ട്. എന്നാൽ 70 വയസ്സിനോട് അടുക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇത് അവസാനത്തെ അവസരമാണ്. ഇത്തവണ യുഡിഎഫിന് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രി ആയിട്ടില്ലെങ്കിൽ, പിന്നെ ഒരവസരം ചെന്നിത്തലയ്ക്ക് മുന്നിൽ എന്തായാലും ഉണ്ടാവുകയില്ല.
കെസി വേണുഗോപാലിന് മുന്നിൽ ലീഗ് പറയാത്ത മറ്റു ചില തടസ്സങ്ങൾ കൂടി ഇത്തവണയുണ്ട്. അത്, കെസി രാജ്യസഭ അംഗത്വം രാജിവച്ചപ്പോൾ ആ ഒഴിവിൽ രാജ്യസഭയിൽ എത്തിയത് ബി.ജെ.പി നേതാവാണ് എന്നതാണ്. അതുപോലെ ഒരവസ്ഥ കേരളത്തിൽ ഉണ്ടാകാൻ കോൺഗ്രസ്സ് നേതൃത്വം ആഗ്രഹിച്ചാൽ അതിന് വലിയ വില തന്നെ അവർക്ക് കൊടുക്കേണ്ടതായി വരും.
യു ഡി എഫ് അധികാരത്തിൽ വന്നാൽ, കെസി വേണുഗോപാലിനെ ഹൈക്കമാൻ്റ് മുഖ്യമന്ത്രിയാക്കി കേരളത്തിലേക്ക് പറഞ്ഞു വിട്ടു എന്നു തന്നെ കരുതുക. അപ്പോൾ രണ്ട് തിരഞ്ഞെടുപ്പിനെയാണ് കേരളം അഭിമുഖീകരിക്കേണ്ടി വരിക. ഒന്ന് ഏതെങ്കിലും നിയമസഭാ സീറ്റ് കെസി വേണുഗോപാലിനായി കോൺഗ്രസ്സിന് കണ്ടെത്തേണ്ടി വരും. ലീഗ് അവരുടെ മണ്ഡലം വിട്ടു കൊടുക്കില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് വേറെ എവിടെ കെസി മത്സരിച്ചാലും വിജയസാധ്യത ഉറപ്പില്ല. സതീശനെയും ചെന്നിത്തലയെയും ഒഴിവാക്കിയതിൻ്റെ എഫക്ട് മാത്രമല്ല, ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിൻ്റെ ജനരോഷവും കെസി വേണുഗോപാൽ ആ ഘട്ടത്തിൽ നേരിടേണ്ടതായി വരും. അങ്ങനെ സംഭവിച്ചാൽ, ‘മുഖ്യമന്ത്രി തോറ്റു’ എന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ്, സർക്കാർ നേരിടേണ്ടി വരിക. അതോടെ കെസിയുടെ രാഷ്ട്രീയ ഭാവിയും അവസാനിക്കും. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ട സ്ഥിതിക്ക് ധാർമ്മികമായി ഇനി എങ്ങനെ ഈ സർക്കാരിന് തുടരാനാകും എന്ന ചോദ്യവും അത്തരം അവസ്ഥയിൽ യുഡിഎഫ് നേരിടേണ്ടതായി വരും.
ഇനി ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നാലുള്ള സ്ഥിതി കൂടി നമുക്ക് പരിശോധിക്കാം. യുഡിഎഫിന് ആ മണ്ഡലം നിലനിർത്താൻ കഴിയുമെന്ന ഒരുറപ്പും കോൺഗ്രസ്സ് നേതാക്കൾക്ക് പോലും ഉണ്ടാകുകയില്ല. ഇവിടെയും ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിൻ്റെ ജനരോഷം യുഡിഎഫിന് നേരിടേണ്ടതായി വരും. 3 ലക്ഷത്തോളം വോട്ട് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നേടിയ ബി.ജെ.പിയ്ക്ക് ലഭിക്കുന്ന സുവർണ്ണാവസരമായിരിക്കും ആലപ്പുഴയിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ ഉണ്ടാകുക എന്നതിലും ഒരു സംശയവും വേണ്ട. കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ഇവിടെ നിന്നും വിജയിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥിയെ കേന്ദ്ര മന്ത്രിയാക്കും എന്ന ഓഫർ സാക്ഷാൽ പ്രധാനമന്ത്രി തന്നെ മുന്നോട്ട് വച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
താൻ മത്സരിച്ച് ജയിച്ച രണ്ട് പാർലമെൻ്റ് സീറ്റുകളും ബിജെപിക്ക് പതിച്ച് നൽകി എന്ന പഴി കേൾക്കണമോ വേണ്ടയോ എന്ന് ഇനി തീരുമാനിക്കേണ്ടത്, യഥാർത്ഥത്തിൽ കെസി വേണുഗോപാലാണ്. ഈ തിരിച്ചറിവിലേക്ക് അദ്ദേഹത്തെ എത്തിക്കുന്ന പ്രതികരണമാണ് ലീഗിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. വൈകിയെങ്കിലും ഈ യാഥാർത്ഥ്യം കെസി വേണുഗോപാലും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡൽഹിയിൽ ഇനിയും വലിയ ചുമതലകൾ കെസി വേണുഗോപാലിന് വഹിക്കാനുണ്ട് എന്നതിനാൽ, അദ്ദേഹം അവിടെ തുടരുന്നതാണ് കെസിയുടെയും അദ്ദേഹത്തിൻ്റെ ഒപ്പമുള്ളവരുടെയും രാഷ്ട്രീയ ഭാവിക്കും നല്ലത്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കോൺഗ്രസ്സ് കാഴ്ചവച്ചതിനും പിന്നിൽ സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള കെസിയുടെ വലിയ ഇടപെടലുണ്ട്. അതുകൊണ്ട് തന്നെ കെ.സി വേണുഗോപാൽ ആഗ്രഹിച്ചാൽ പോലും, ഇപ്പോഴത്തെ സാഹചര്യത്തിൽ, റിസ്‌ക്ക് എടുത്ത് അദ്ദേഹത്തെ കേരളത്തിലേക്ക് തിരിച്ചയക്കാൻ രാഹുൽഗാന്ധി തയ്യാറാകില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.
