ഉച്ചഭക്ഷണത്തിന് കറിയുണ്ടാക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ അടങ്ങിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആ ഒറ്റക്കുത്ത് ഫസീലയുടെ ഹൃദയം തുളച്ചുകയറിയെന്നും കുത്തേറ്റ് 15 മിനിറ്റിനകം മരണം സംഭവിച്ചെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. റഷീദ് മദ്യലഹരിയിൽ അടുക്കളയിലെ പോളിഗാർഡ് സ്റ്റെയിൻലെസ് സ്റ്റീൽ കത്തി ഉപയോഗിച്ച് ഫസീലയുടെ ഇടതുനെഞ്ചിലാണ് കുത്തിയത്.
അടുക്കളയിലെ കോൺക്രീറ്റ് മേശയിൽ ഇരിക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിത ആക്രമണം. മൂർച്ചയേറിയ കത്തി രണ്ടാം വാരിയെല്ലിനിടയിലൂടെ ഹൃദയത്തിലേക്ക് ആഴത്തിൽ തുളച്ചുകയറി. പിടിവലി നടന്നതായി സംശയിക്കാവുന്ന പാടുകളും ശരീരത്തിലുണ്ട്. വണ്ടൂർ സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പള്ളിക്കുന്ന് ജുമാമസ്ജിദിൽ കബറടക്കം നടന്നു.സംഭവത്തെക്കുറിച്ച് പ്രതി റഷീദ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്: “രാവിലെ ജോലിക്ക് പോകുമ്പോൾത്തന്നെ ഉച്ചഭക്ഷണത്തിന് താനുണ്ടാകുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെത്തുമ്പോൾ ഊണിന് കറിയൊന്നുമുണ്ടായിരുന്നില്ല. അവളും വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് കടയിൽപ്പോയി കറി കൊണ്ടുവന്നു. രണ്ടരയോടെ ഭാര്യ തിരിച്ചെത്തി. ഞാൻ വരുമെന്ന് പറഞ്ഞിട്ടും നീ കറിയൊന്നും ഉണ്ടാക്കിയില്ലല്ലോയെന്ന് ചോദിച്ചപ്പോൾ അവൾ മോശമായി സംസാരിച്ചു. ഇതു വാക്കുതർക്കത്തിലെത്തി. ബഹളംകേട്ട് തൊട്ടടുത്ത വീട്ടിൽനിന്ന് ഉമ്മ വന്നു. രണ്ടുപേരെയും സമാധാനിപ്പിച്ച് പെട്ടെന്ന് കുളിച്ചുവന്ന് ചോറ് കഴിക്കാൻ പറഞ്ഞു. ഈ സമയം അവൾ അടുക്കളയിലെ മേശയിൽ ഇരിക്കുകയായിരുന്നു. കുളിക്കാൻപോകുന്നതിനിടെ എന്തോ പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കത്തിയെടുത്ത് കുത്തുകയായിരുന്നു. അതോടെ അവളൊന്നു കരഞ്ഞു. നീ എന്താ കാണിക്കുന്നത് കുട്ടിമാനെ എന്നു ചോദിച്ച് ഉമ്മയും പരിഭ്രമിച്ചു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.”
“എന്റെ മക്കളെ ഞാൻ തന്നെ അനാഥമാക്കിയല്ലോ” എന്ന് സ്റ്റേഷനിൽ വിലപിച്ച പ്രതി, തെളിവെടുപ്പിനിടയിലും യാതൊരു കൂസലുമില്ലാത്ത ശരീരഭാഷയാണ് പ്രകടിപ്പിച്ചത്. തെളിവെടുപ്പിനുശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
