സവാള വിലക്കയറ്റം പിടിച്ചുനിർത്താൻ അടിയന്തര വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ രംഗത്ത്. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സി.എഫ്.) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു.
ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിലാണ് പൊതുജനങ്ങൾക്ക് സവാള ലഭ്യമാക്കുന്നത്. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ പ്രധാന വിപണികളിൽ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതൽ 80 രൂപ വരെ ഉയർന്ന സാഹചര്യത്തിലാണ് ഈ പ്രദേശങ്ങൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്.നാസിക്, കർണാടക തുടങ്ങിയ ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധനയും കർഷകരിൽ നിന്ന് ആവശ്യത്തിന് ഉൽപ്പന്നം എത്താത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ആവശ്യാനുസരണം കൂടുതൽ സവാള എത്തിക്കുന്നതിന് പണം തടസ്സമാകില്ലെന്നും, ഹോർട്ടികോർപ്പും സപ്ലൈകോയും സംയുക്തമായി വിതരണം ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
