300 അടി താഴ്ചയിലേക്ക് പതിച്ച എയർ ഇന്ത്യ അപകടത്തിൽ പൈലറ്റ് പുറത്ത്

ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം പെട്ടെന്ന് നൂറുകണക്കിന് അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിനെതിരെ കടുത്ത നടപടിയുമായി എയർ ഇന്ത്യ. ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് പൈലറ്റ് സുദീപ് വശിഷ്ഠയെ കമ്പനി പുറത്താക്കി. കഴിഞ്ഞ ഓഗസ്റ്റ് നാലിനായിരുന്നു ഒഡീഷ്യയ്ക്ക് മുകളിൽ വെച്ച് എഐ 2379 വിമാനത്തിൽ അപകടമുണ്ടായത്. സംഭവത്തിൽ ക്യാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റിരുന്നു. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ആ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനും പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ പ്രാഥമിക ലഹരി പരിശോധനയിൽ പൈലറ്റിന്റെ ഫലം ‘നോൺ-നെഗറ്റീവ്’ ആയതിനെ തുടർന്ന് രക്തസാമ്പിളുകൾ വിശദമായ ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് പൈലറ്റ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി വ്യക്തമായത്. എന്നാൽ സഹപൈലറ്റിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കൂടാതെ ക്യാപ്റ്റന്റെ പെരുമാറ്റത്തിനെതിരെ ക്യാബിൻ ക്രൂ അംഗങ്ങളും പരാതി നൽകിയിരുന്നു.വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങളിലുണ്ടായ സാങ്കേതിക തകരാറാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക തകരാറിനൊപ്പം പൈലറ്റ് ലഹരി ഉപയോഗിച്ചുകൂടി കൂടിയായതോടെ വലിയൊരു ദുരന്തത്തിന്റെ വക്കിലാണ് വിമാനം എത്തിപ്പെട്ടത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ തങ്ങളുടെ എല്ലാ പൈലറ്റുമാർക്കും ജീവനക്കാർക്കുമുള്ള ലഹരി പരിശോധന കർശനമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *