നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; തൃശ്ശൂരിൽ വൻ ദുരന്തം, എട്ട് പേർക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ എട്ട് പേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലാണ് വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എട്ടുപേരും തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്നാണ് സംശയം. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മധുരെ രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. ഡിണ്ടിഗലിലെ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയുടെ ഐ.ഡി കാർഡും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ച എട്ടുപേരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. സേലം സ്വദേശി വിശ്വ, ഡിണ്ടിഗൽ സ്വദേശി സൂര്യ, മധുര സ്വദേശികളായ സന്തോഷ്, പ്രസന്ന, ഡിണ്ടിഗൽ സ്വദേശി യുവസഞ്ജിത് എന്നിവരാണ് തിരിച്ചറിഞ്ഞവർ.ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. ഇതേ ദിശയിൽ ദേശീയപാതയിൽ പണി പുരോഗമിക്കുന്ന സ്ഥലത്ത് ലോറി അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ ലോറിയിലേക്കാണ് കാർ പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നതോടെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേനയെത്തിയശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുക്കാൻ കഴിഞ്ഞത്.

അപകടത്തിൽ മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ദേശീയപാതയിൽ പണി നടക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറിയതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *