പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. പ്രധാനമന്ത്രിയെ ‘കള്ളന്മാരുടെ തലവൻ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് കേസ് നിലവിലുള്ളത്. 2018-ൽ രാജസ്ഥാനിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധി ഈ പരാമർശം നടത്തിയിരുന്നത്.
ഈ പ്രസ്താവനയിലൂടെ രാഹുൽ ഗാന്ധി ബി.ജെ.പി പ്രവർത്തകരെയാകെ പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജിയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുന്നത്. കോടതിയുടെ ഈ തീരുമാനം രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായിരിക്കുകയാണ്.
