രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എം.എ. ബേബി;

രാഷ്ട്രീയ ചർച്ചകളിൽ പുതിയ വഴിമാറലുകളുമായി മുന്നണികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവരുന്നു. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഔദ്യോഗികമായി ഒരു തീരുമാനവുമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ഇന്ത്യ സഖ്യം ഇത്തരത്തിലുള്ള ഒരു ചർച്ചയോ തീരുമാനമോ നടത്തിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും പ്രധാനമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിജെപിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കുകയാണ് സഖ്യത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ഓർമ്മിപ്പിച്ചു. ഒരുപക്ഷേ പ്രതിപക്ഷ നേതാവെന്ന നിലയിലാണ് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നതെങ്കിൽ, മല്ലികാർജുൻ ഖാർഗെയ്ക്കും അർഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തമിഴ്നാട്ടിലാണ് 2029-ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള വിവാദങ്ങൾ പ്രധാനമായും ഉടലെടുത്തിരിക്കുന്നത്.തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ്‍യെയും, ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായും ഉയർത്തിക്കാട്ടണമെന്ന് ടിവികെ നേതാക്കൾ ആവശ്യപ്പെട്ടത് കോൺഗ്രസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ തമിഴ്‌നാട് മന്ത്രിസഭയിലുള്ള രണ്ട് കോൺഗ്രസ് മന്ത്രിമാരും രാജിവെച്ച് പുറത്തുപോകുമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധി തന്നെയായിരിക്കും മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് മാണിക്കം ടാഗോറും ശക്തമായ ഭാഷയിൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *