കൊടുംചൂടിൽ എ.സി.യും ഫാനുമില്ലാതെ എങ്ങനെ കഴിയും എന്ന ആശങ്കയ്ക്കിടെയാണ് മുന്നറിയിപ്പില്ലാത്ത വൈദ്യുതി നിയന്ത്രണം കൂടി ജനങ്ങളെ വലയ്ക്കുന്നത്. രാത്രിയിൽ ചില പ്രദേശങ്ങളിൽ ഒരുമണിക്കൂറോളം വൈദ്യുതി മുടങ്ങുന്നുണ്ടെങ്കിലും എപ്പോൾ നിയന്ത്രണം ഉണ്ടാകുമെന്നോ എത്ര ദിവസം ഇത് തുടരുമെന്നോ വ്യക്തമായ മറുപടി കെ.എസ്.ഇ.ബിക്ക് നൽകാനാകുന്നില്ല. ചൂട് കൂടുമ്പോൾ വൈദ്യുതി ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യമാണ് പ്രതിസന്ധിക്ക് കാരണം.
ഒരു പ്രദേശത്ത് ഏത് സമയത്ത് എത്രനേരം വൈദ്യുതി മുടങ്ങുമെന്ന് ഒരാഴ്ച മുമ്പെങ്കിലും അറിയിക്കണമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകുമെന്ന് അറിയാമെങ്കിലും ‘ഭാഗിക വൈദ്യുതിനിയന്ത്രണത്തിന് സാധ്യതയുണ്ട്’ എന്ന പൊതുഅറിയിപ്പ് മാത്രമാണ് ഇപ്പോഴും നൽകുന്നത്. ഇതോടെ വൈദ്യുതി മുടങ്ങുന്ന സമയത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ല.‘ഡേ എഹെഡ്’ വൈദ്യുതി വിപണിയിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കുമോയെന്ന് തലേദിവസം വൈകുന്നേരത്തോടെ തന്നെ അറിയാനാകും. അവിടെ വൈദ്യുതി ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുമെന്ന് വ്യക്തമാണ്. അതിനാൽ നിയന്ത്രണത്തിനുള്ള സാധ്യത മുൻകൂട്ടി അറിയിക്കാൻ കഴിയുമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ നിലപാട്. പിന്നീട് തത്സമയ വിപണിയിൽ വൈദ്യുതി ലഭിച്ചാൽ നിയന്ത്രണത്തിൽ ഇളവ് നൽകാനും കഴിയും. എന്നാൽ എപ്പോൾ വൈദ്യുതി പോകുമെന്ന് അറിയാത്തതിനാൽ ജനങ്ങൾക്ക് മുൻകരുതൽ എടുക്കാനും കഴിയുന്നില്ല.
മഴയില്ലാത്തതും ചൂട് കൂടിയതുമായ ദിവസങ്ങളിൽ സാധാരണയേക്കാൾ 1000 മുതൽ 1200 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമാണ്. ഈ അധിക ആവശ്യം നിറവേറ്റാൻ കഴിയാത്തതാണ് നിലവിലെ പ്രശ്നം. ഉപഭോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെടുന്നുണ്ടെങ്കിലും കൊടുംചൂടിൽ എ.സി. ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കേണ്ടതിനാൽ ഇത് പ്രായോഗികമാകുന്നില്ല. ഇതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ബുധനാഴ്ച അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ബോർഡ് ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വൈദ്യുതി നിയന്ത്രണം എത്രകാലം തുടരുമെന്നതിൽ വ്യക്തത വരാൻ ഇനി ഈ യോഗത്തിലെ തീരുമാനങ്ങളിലേക്കാണ് ശ്രദ്ധ.
