പട്ടുനൂൽ ഉത്പാദനത്തിൽ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ. നിലവിലെ 42,000 മെട്രിക് ടൺ വാർഷിക ഉത്പാദനത്തിൽ 15,000 മെട്രിക് ടൺ കൂടി കൂട്ടുകയാണ് ലക്ഷ്യം. ശ്രീനഗറിലെ സെൻട്രൽ സെറി കൾചറൽ റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇർഫാൻ ഇല്ലാഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നിന്നുള്ള പി.ഐ.ബി പ്രതിനിധി സംഘത്തിലെ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിൽ പട്ടുനൂൽ കൃഷിയിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്.
ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ 218 ജില്ലകളിലേക്ക് പട്ടുനൂൽ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിൽ കേരളത്തിലെ വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളും ഉൾപ്പെടും. കർഷകർക്ക് മികച്ച സാങ്കേതികവിദ്യകൾ പൂർണമായും സൗജന്യമായി നൽകാനും ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറെടുക്കുകയാണ്. ജപ്പാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് നടത്തുന്ന പത്തോളം ഗവേഷണ പദ്ധതികളും ഇതിന്റെ ഭാഗമായി നിലവിലുണ്ട്.നിലവിൽ രാജ്യത്ത് ഏകദേശം 60 ലക്ഷം കർഷകരാണ് പട്ടുനൂൽ കൃഷിയെ ആശ്രയിക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പട്ടുനൂലിന്റെ കയറ്റുമതി സാധ്യതകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സബ്‌സിഡികൾ നൽകി കൃഷി കൂടുതൽ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് കൂടുതൽ വരുമാനസാധ്യത ഒരുക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പട്ടുനൂലുമായി ബന്ധപ്പെട്ട മൾബറി കേക്ക്, സ്ക്വാഷ്, ജാം തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ കർഷകർക്ക് കൂടുതൽ അവസരങ്ങൾ തുറക്കുമെന്നാണ് വിലയിരുത്തൽ. ഉത്പാദനം വർധിപ്പിക്കൽ, പുതിയ ജില്ലകളിലേക്ക് കൃഷി വ്യാപിപ്പിക്കൽ, സാങ്കേതികവിദ്യ ലഭ്യമാക്കൽ, കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തൽ എന്നിവയിലൂടെ പട്ടുനൂൽ മേഖലയിൽ ചൈനയെ മറികടക്കാനുള്ള വലിയ മുന്നേറ്റത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്.
