എല്ലാ പൈലറ്റുമാർക്കും ലഹരി പരിശോധന നിർബന്ധമാക്കി ഡിജിസിഎ

ന്ത്യൻ വ്യോമയാന മേഖലയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ എയർലൈൻ പൈലറ്റുമാർക്കും സൈക്കോ ആക്ടീവ് ലഹരി പരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു. കഴിഞ്ഞ മാസം എയർ ഇന്ത്യ വിമാനത്തിലെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയ വിവാദ സംഭവത്തെ തുടർന്നാണ് ഈ നിർണായക നടപടി. അടുത്ത വർഷം ജൂലൈ മാസത്തിനകം രാജ്യത്തുള്ള എല്ലാ പൈലറ്റുമാരുടെയും പരിശോധന പൂർത്തിയാക്കണമെന്നാണ് ഡിജിസിഎയുടെ കർശന നിർദേശം.

നിലവിൽ ഇന്ത്യൻ എയർലൈനുകളിലായി ഏകദേശം 14,000 പൈലറ്റുമാരാണ് ജോലി ചെയ്യുന്നത്. ഫുക്കറ്റ്-ഡൽഹി വിമാനവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പിന്നാലെ എയർ ഇന്ത്യ ഗ്രൂപ്പ് സ്വമേധയാ മുന്നോട്ടു വന്ന് തങ്ങളുടെയും എയർ ഇന്ത്യ എക്സ്പ്രസിലെയും 5,000-ത്തോളം പൈലറ്റുമാരിൽ ഒറ്റത്തവണ റാന്‍ഡം ഡ്രഗ് ടെസ്റ്റുകൾ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മറ്റ് എയർലൈനുകളിലെയും മുഴുവൻ പൈലറ്റുമാരിലേക്കും പരിശോധന വ്യാപിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.വ്യോമയാന ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ കൂടുതൽ ശക്തമായ നിയമങ്ങളുടെ കരട് ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം വർഷത്തിൽ 10 ശതമാനം പൈലറ്റുമാർക്ക് മാത്രമാണ് റാൻഡം പരിശോധന നടത്തിയിരുന്നത്. എന്നാൽ എല്ലാ പൈലറ്റുമാർക്കും വർഷത്തിൽ ഒരിക്കൽ ഡോപ്പ് ടെസ്റ്റ് നിർബന്ധമാക്കുന്ന വിധത്തിൽ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള ആലോചനകളും അന്തിമഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *