സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അയവുവരുന്നു. തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയില്ല. മധ്യപ്രദേശിൽ നിന്ന് ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിക്ക് പുറമെ 300 മെഗാവാട്ട് കൂടി അധികമായി ലഭിച്ചതാണ് ആശ്വാസമായത്. തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി കണ്ടെത്താൻ കഴിഞ്ഞതോടെയാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാനായത്. ഒക്ടോബർ മാസം മുതൽ സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്നും, പുതിയ കരാറുകൾക്കായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
ഉഭയകക്ഷി കരാറുകളുടെ കുറവും വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചതും മൂലം സെപ്റ്റംബറിൽ പീക്ക് സമയത്ത് 800 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് കേരളത്തിലുണ്ടായിരുന്നത്. മഴ കുറഞ്ഞത് ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും, ഉയർന്ന വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലുണ്ടായ തടസ്സങ്ങളും പ്രതിസന്ധിയുടെ ആഴം കൂട്ടിയിരുന്നു.അതിനിടയിൽ, വൈകിട്ട് 7 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും കർശന നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു. വാട്ടർ അതോറിറ്റിയുടെ പമ്പിംഗും വീടുകളിൽ കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ പ്രവർത്തനങ്ങളും പകൽ സമയത്തേക്ക് മാറ്റണമെന്നും, എ.സി. താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണമെന്നും ഊർജ്ജ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. അനാവശ്യമായ ദീപാലങ്കാരങ്ങളും ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.
