പ്രശസ്ത സംവിധായകൻ റാമിന്റെ ‘യേഴു കടൽ യേഴു മലൈ’ തിയേറ്ററുകളിൽ!

തമിഴിലെ പ്രശസ്തനായ സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച്, നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘യേഴു കടൽ യേഴു മലൈ’ ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തി. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രം കൂടിയാണിത്.

8,000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. ത്രില്ലും മിസ്റ്ററിയും ഫാന്റസിയും പ്രണയവും നർമ്മവും വൈകാരികതയും ഒക്കെ കോർത്തിണക്കിയാണ് റാം ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം സൂരിയുടെ പ്രകടനവും ചിത്രത്തിന്റെ വലിയ ഹൈലൈറ്റുകളിൽ ഒന്നാണ്.തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം, ‘വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ്’ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രവി മരിയ, എൻ. അഴക പെരുമാൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *