വെടിനിർത്തൽ ധാരണ നിലനിൽക്കെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യയുടെ അതിരൂക്ഷമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം. കീവിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന ഊർജ്ജ കേന്ദ്രമായ ഡാർണിറ്റ്സ്ക ‘CHPP-4’ നിലയവും ജനവാസ മേഖലയിലെ അപ്പാർട്ട്മെന്റും ആക്രമണത്തിൽ തകർന്നു. ഒക്ടോബർ 13 ന് വൈകിട്ടുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കിയവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ സ്ഥിരീകരിച്ചു.
യുക്രയിനിലെ നിരവധി ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യൻ ആക്രമണം നടന്നത്. ഒക്ടോബർ 14 ന് പുലർച്ചെയുണ്ടായ തുടർച്ചയായ മിസൈൽ വർഷത്തിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് താമസക്കാരോട് സുരക്ഷിതമായ ഷെൽട്ടറുകളിൽ തുടരാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
റഷ്യയും യുക്രെയ്നും തമ്മിൽ ഊർജ്ജ വെടിനിർത്തൽ കരാർ ഒപ്പിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ ആക്രമണം നടക്കുന്നത്. ഊർജ്ജ വെടിനിർത്തലിനെ യുക്രെയ്ൻ പൂർണ്ണമായി പിന്തുണച്ചിരുന്നുവെന്നും എന്നാൽ റഷ്യ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെയും ജനങ്ങളെയും വീണ്ടും ലക്ഷ്യമിടുകയാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി കുറ്റപ്പെടുത്തി.ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് പങ്കാളികളിൽ നിന്ന് മുൻകൂട്ടി മുന്നറിയിപ്പുകൾ പോലും യുക്രെയ്നിന് ലഭിച്ചില്ലെന്നും ഇത് തികച്ചും അന്യായമാണെന്നും സെലെൻസ്കി പറഞ്ഞു. ലോകവും അമേരിക്കയും ഇതിനെതിരെ നിശബ്ദത പാലിക്കരുതെന്നും യുദ്ധം തുടരുന്നതിന് ആർക്കാണ് ഉത്തരവാദിത്തമെന്ന് വ്യക്തമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രയ്നിലേക്കുള്ള വ്യോമ പ്രതിരോധ വിതരണം ത്വരിതപ്പെടുത്തുന്നതിനായി ബ്രിട്ടൻ പ്രധാനമന്ത്രി ആൻഡി ബേൺഹാമുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് റഷ്യൻ ആക്രമണം കടുത്തത്.
യുക്രെയ്നിന് നൽകിവന്ന പ്രധാന ഇന്റലിജൻസ് വിവരങ്ങൾ അമേരിക്ക വിച്ഛേദിച്ചെന്ന വാർത്തകൾ ട്രംപ് നിഷേധിച്ചു. യുക്രെയ്നുമായി വിവരങ്ങൾ പങ്കിടുന്നുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കഴിഞ്ഞ ദിവസം യുക്രെയ്നും റഷ്യൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം, യുക്രെയ്ൻ വെടിനിർത്തൽ കൊണ്ടുവരുന്ന ആശ്വാസം അർഹിക്കുന്നില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കി. വെടിനിർത്തൽ കാലയളവിൽ യൂറോപ്പ് യുക്രെയ്നിലേക്ക് പുതിയ ആയുധങ്ങൾ എത്തിച്ച് യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമെന്നും ലാവ്റോവ് ആരോപിച്ചു.
നേരത്തെ ഫെബ്രുവരി മാസത്തിലും റഷ്യൻ ആക്രമണത്തിൽ തകർന്ന CHPP-4 നിലയം യുക്രയ്നിലെ ആയിരത്തിലധികം കെട്ടിടങ്ങളിലേക്കും, 47 സ്കൂളുകളിലേക്കും, 18 മെഡിക്കൽ സ്ഥാപനങ്ങളിലേക്കും വൈദ്യുതിയും ചൂടുവെള്ളവും എത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. വീണ്ടും ഈ കേന്ദ്രം തകർന്നതോടെ വരും ദിവസങ്ങളിൽ യുക്രയ്ൻ കടുത്ത ഊർജ്ജ-ചൂട് പ്രതിസന്ധിയിലാകും.
