ട്രംപിന്റെ തിരഞ്ഞെടുപ്പ് മോഹങ്ങൾ തകർക്കാൻ ഇറാൻ നടത്തുന്നത് ‘ചതുരംഗക്കളി’!

നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആഗോള വിപണിയിൽ എണ്ണവില ഉയർന്ന നിലയിൽ തന്നെ നിലനിർത്താൻ ലക്ഷ്യമിട്ട് ഇറാൻ പുതിയ യുദ്ധതന്ത്രങ്ങൾ വിന്യസിക്കുന്നു. ഹോർമുസ് കടലിടുക്കിലും അതിനപ്പുറമുള്ള തന്ത്രപ്രധാനമായ കടൽപ്പാതകളിലും സഞ്ചരിക്കുന്ന വിദേശ കപ്പലുകളെ ലക്ഷ്യമിട്ടാണ് ഇറാന്റെ ഈ പുതിയ നീക്കങ്ങൾ. അമേരിക്കയുടെയും അവരുടെ സഖ്യകക്ഷികളുടെയും സാമ്പത്തിക നീക്കങ്ങളെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും നിയന്ത്രണങ്ങളും ലംഘിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ വ്യത്യസ്തവും പ്രവചനാതീതവുമായ ആക്രമണ രീതികൾ ഇറാൻ ആരംഭിച്ചിട്ടുണ്ട്. ആക്രമണങ്ങളുടെ ശക്തിയിലും വേഗതയിലും നിരന്തരം മാറ്റങ്ങൾ വരുത്തി ശത്രുക്കളെ ആശയക്കുഴപ്പത്തിലാക്കുകയാണ് ഇറാന്റെ പ്രധാന രീതി. അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിക്കുക എന്ന കൃത്യമായ രാഷ്ട്രീയ-സൈനിക ലക്ഷ്യത്തോടെയാണ് ഇറാൻ തങ്ങളുടെ ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

“ആഗോള വിപണിയിൽ എണ്ണവില കൃത്രിമമായി കുറയ്ക്കാൻ അമേരിക്കയും അവരുടെ സഖ്യകക്ഷികളും നടത്തുന്ന എല്ലാവിധ ശ്രമങ്ങളെയും പൂർണ്ണമായും നിരാശപ്പെടുത്തുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം,” എന്ന് ഒരു ഉയർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എണ്ണവില ഉയർന്നുനിൽക്കുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഭരണകൂടത്തിന്റെ നിലനിൽപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ, ഈ മേഖലയിൽ കടുത്ത സമ്മർദ്ദം ചെലുത്താനാണ് ഇറാന്റെ തീരുമാനം.

കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനതിരെ വ്യോമാക്രമണങ്ങളും സൈനിക നീക്കങ്ങളും ആരംഭിച്ചതുമുതൽ, ആഗോളതലത്തിൽ അതിപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കാൻ ഇറാൻ തീവ്രമായി ശ്രമിച്ചുവരികയാണ്. തങ്ങൾക്കെതിരെ നടക്കുന്ന ഏതൊരു അധിനിവേശത്തെയും സാമ്പത്തികമായും സൈനികമായും ചെറുത്തുതോൽപ്പിക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന്റെ ഭാഗമാണ് ഈ കടൽപ്പാതയിലെ കർശന നിയന്ത്രണങ്ങൾ.നിലവിലെ യുദ്ധസാഹചര്യത്തിന് മുമ്പ്, ലോകത്തിലെ ആകെ എണ്ണ, ദ്രവീകൃത പ്രകൃതിവാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോയിരുന്നത് ഈ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു. എന്നാൽ ഈ മേഖലയിൽ ഇറാൻ നടപ്പിലാക്കിയ കർശനമായ കടൽ ഗതാഗത നിയന്ത്രണങ്ങളും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള എണ്ണ വിതരണത്തെ ഗുരുതരമായി തടസ്സപ്പെടുത്തുകയും, തൽഫലമായി അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തു.

ഇറാന്റെ പുതിയ പോരാട്ട തന്ത്രത്തിന്റെ ഭാഗമായി തങ്ങളുടെ നാവിക നീക്കങ്ങൾ ഹോർമുസ് കടലിടുക്കിൽ മാത്രം ഒതുക്കാതെ ഒമാൻ ഉൾക്കടലിലേക്കും അതിനപ്പുറമുള്ള ദൂരെയെത്തുന്ന സമുദ്രാതിർത്തികളിലേക്കും വ്യാപിപ്പിക്കാൻ ഇറാൻ തീരുമാനിച്ചിരിക്കുന്നു. ഖത്തറിനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും പുറത്തുള്ള അന്താരാഷ്ട്ര സമുദ്രമേഖലകളിലേക്ക് ഇറാന്റെ ആക്രമണങ്ങൾ ഇതിനകം തന്നെ വ്യാപിച്ചിട്ടുണ്ടെന്ന് സമുദ്ര സുരക്ഷാ ഏജൻസികളുടെ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം ഈ മേഖലയിൽ സഞ്ചരിച്ചിരുന്ന എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള കുറഞ്ഞത് അഞ്ച് പ്രധാന കപ്പലുകൾക്ക് നേരെ ആക്രമണങ്ങളും ഡ്രോൺ ഭീഷണികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ വിവരപ്രകാരം, ഈ ആക്രമണങ്ങൾ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും കൃത്യമായ മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ടുള്ളതാണ്.

അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ പ്രധാന റഡാർ സംവിധാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തങ്ങളുടെ ബുദ്ധിപരമായ പുതിയ രീതികൾ കൊണ്ട് അതിനെ മറികടന്നു. ചെറിയ ബോട്ടുകളിൽ നിരായുധരായ ‘സ്പോട്ടർമാരെ’ അയച്ച് അമേരിക്കൻ നാവിക കപ്പലുകളുടെയും മറ്റ് ലക്ഷ്യങ്ങളുടെയും സ്ഥാനം തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നുണ്ട്. അടുത്തിടെ ഒരു ഇറാനിയൻ ഡോവ് കപ്പലിനെ അമേരിക്കൻ സൈന്യം തടയുകയും തകർക്കുകയും ചെയ്ത സംഭവം, അമേരിക്കയെ പ്രതിരോധത്തിലാക്കാൻ ഇറാൻ നടത്തുന്ന ശക്തമായ തന്ത്രപരമായ നീക്കങ്ങളുടെ തെളിവാണ്.വരാനിരിക്കുന്ന നവംബർ തിരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എണ്ണവില കുറയ്ക്കാനുള്ള യാതൊരു അവസരവും നൽകില്ലെന്ന് ഉയർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ മാസ്സ് ശൈലിയിൽ വ്യക്തമാക്കി. ഈ വൻശക്തി പോരാട്ടത്തെ ഒരു “ചതുരംഗക്കളി”യോട് ഉപമിച്ച ഇറാന്, വരും ദിവസങ്ങളിൽ തങ്ങളുടെ നിയന്ത്രണങ്ങൾ ലംഘിക്കുന്ന മുഴുവൻ കപ്പലുകൾക്കും മുന്നിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടാനുള്ള പദ്ധതിയുണ്ടെന്നും രണ്ട് ഉദ്യോഗസ്ഥരും സൂചന നൽകി.

അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ മധ്യപൂർവേഷ്യൻ സംഘർഷം ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയമായി മാറിയിരിക്കുന്നു. ഈ യുദ്ധത്തിനായി അമേരിക്കയ്ക്ക് പ്രതിമാസം ഏകദേശം 3 ബില്യൺ (300 കോടി) ഡോളറോളം ചിലവാകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാനെ തങ്ങളുടെ നിബന്ധനകൾക്ക് വഴങ്ങാൻ നിർബന്ധിതരാക്കാൻ അമേരിക്ക ഇറാനിയൻ തുറമുഖങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുകയും ഉപരോധങ്ങൾ കടുപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഐആർജിസിയുടെ നിരന്തരമായ ആക്രമണങ്ങളും നിരീക്ഷണങ്ങളും കാരണം വ്യാപാര കപ്പലുകൾക്കുള്ള ഭീഷണി ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് അമേരിക്കൻ നാവികസേനയുടെ ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ സമ്മതിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *