നെതന്യാഹുവിനായി ട്രംപ് പരസ്യമായി കളത്തിലിറങ്ങുമ്പോൾ, ഒപ്പം നിൽക്കാൻ സ്വന്തം വൈസ് പ്രസിഡന്റ് പോലും തയ്യാറാകുന്നില്ല! ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ സഖ്യങ്ങളിലൊന്നിൽ വിള്ളൽ വീഴുകയാണോ? അതോ അമേരിക്കയിലെ അധികാരക്കളിയിൽ ജെഡി വാൻസ് സ്വന്തം കരുക്കൾ നീക്കിത്തുടങ്ങിയോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകളാണോ ഈ അകൽച്ചയ്ക്ക് പിന്നിൽ? അതോ ഇറാൻ യുദ്ധത്തെച്ചൊല്ലി പുകഞ്ഞുനിന്ന അഭിപ്രായവ്യത്യാസങ്ങൾ വീണ്ടും പുറത്തുവരികയാണോ? ട്രംപിന്റെ പിന്തുണയും വാൻസിന്റെ മൗനവും ഒരുപോലെ ചർച്ചയാകുമ്പോൾ, അമേരിക്കൻ രാഷ്ട്രീയത്തിൽ ഉയരുന്നത് നിർണായകമായ ഒരു ചോദ്യം നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയെച്ചൊല്ലി വൈറ്റ് ഹൗസിനുള്ളിൽ തന്നെ രണ്ട് നിലപാടുകളോ?ലോകത്തിലെ ഏറ്റവും അടുത്ത സഖ്യകക്ഷികളായ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിൽ ഈ നീക്കം പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇസ്രയേൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കൻ ഭരണകൂടത്തിലെ രണ്ട് പ്രമുഖരുടെ വ്യത്യസ്ത നിലപാടുകൾ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്.
ഒക്ടോബർ 19 ന് മാധ്യമപ്രവർത്തകൻ മാർക്ക് ഹാൽപെറിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെ പിന്തുണയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വാൻസ് വ്യക്തമാക്കിയത്. ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഇടപെടാൻ താൽപര്യമില്ലെന്നും അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിലാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ട്രംപിന്റെ പിന്തുണയ്ക്ക് വലിയ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും വാൻസ് അംഗീകരിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിലായാലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലായാലും പ്രസിഡന്റിന്റെ പിന്തുണ ഏറെ നിർണായകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
