ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയുടെ എക്സിക്യൂട്ടീവ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലെ ‘മാനേജീരിയൽ ഡിസിഷൻ മേക്കിംഗ് ആൻഡ് അനലിറ്റിക്സ്’ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡാറ്റാ വിശകലനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), പ്രായോഗിക ബിസിനസ് ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ മാനേജീരിയൽ തീരുമാനമെടുക്കൽ കഴിവുകൾ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി ആറ് മാസത്തെ ഓൺലൈൻ പ്രോഗ്രാമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഔദ്യോഗിക വിജ്ഞാപനപ്രകാരം 2026 നവംബർ 10 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. 2027 ജനുവരി 24 മുതൽ ആരംഭിച്ച് 2027 ജൂലൈ 24 ന് പ്രോഗ്രാം അവസാനിക്കും. പൂർണ്ണമായും ഓൺലൈൻ മോഡിലാണ് ക്ലാസുകൾ നടത്തുക.ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഈ എക്സിക്യൂട്ടീവ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. എങ്കിലും, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. കോഴ്സ് ഫീസ് 1,00,000 രൂപയാണ് (18% ജിഎസ്ടി അധികം). കൂടാതെ, അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 1,180 രൂപ അപേക്ഷാ ഫീസായി അടയ്ക്കേണ്ടതാണ്.
