സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനാ വിവാദത്തിന് ഒടുവിൽ പരിഹാരമാകുന്നു. ബോർഡിൽ സമസ്ത എ.പി വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനിച്ചതോടെയാണ് പ്രതിസന്ധി അവസാനിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ ബോർഡ് അംഗമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സ്ഥാനം ഒഴിയും. ഈ ഒഴിവിലേക്കാണ് എ.പി വിഭാഗം പ്രതിനിധിയെ ഉൾപ്പെടുത്തുന്നത്. സ്ഥാനം ഒഴിയുന്ന തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് ഹജ്ജ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും നിർദ്ദേശപ്രകാരം കെ.പി നൗഷാദ് അലി എം.എൽ.എ എ.പി വിഭാഗം നേതാക്കളുമായി നടത്തിയ നിർണ്ണായക ചർച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ഇന്നലെ (ഒക്ടോബർ 21) അർദ്ധരാത്രിയിലാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകൾ നടന്നത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത മുസ്ലീം മതസാമുദായിക നേതാക്കളുടെ യോഗത്തിൽ നിന്ന് എ.പി വിഭാഗം വിട്ടുനിന്നിരുന്നു. ഹജ്ജ് കമ്മിറ്റിയിലോ മദ്രസ ബോർഡുകളിലോ എ.പി വിഭാഗത്തിന് പ്രാതിനിധ്യം നൽകാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അവർ തള്ളിയിരുന്നു. വഖഫ് ബോർഡിൽ തന്നെ അർഹമായ പ്രാതിനിധ്യം വേണമെന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിൽക്കുകയായിരുന്നു.വഖഫ് ബോർഡ് പുനഃസംഘടനയിൽ തങ്ങളെ അവഗണിച്ചതിൽ മുസ്ലീം ലീഗിനോടായിരുന്നു എ.പി വിഭാഗത്തിന് കടുത്ത അമർഷമുണ്ടായിരുന്നത്. എ.പി വിഭാഗത്തിന്റെ മുഖപത്രമായ ‘സിറാജ്’, ‘വഖഫ് ബോർഡ് പുനഃസംഘടന വഞ്ചനാപരം’ എന്ന തലക്കെട്ടോടെ ശക്തമായ ഭാഷയിൽ മുഖപ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താല്പര്യങ്ങൾ നീതിപൂർവ്വം പരിഗണിക്കുന്നതിന് പകരം, ചില പ്രത്യേക വിഭാഗങ്ങളെ മനഃപൂർവ്വം മാറ്റിനിർത്തുന്നത് കടുത്ത അനീതിയാണെന്നായിരുന്നു സിറാജ് മുഖപ്രസംഗത്തിലെ പ്രധാന വിമർശനം.
