എല്ലാം AIയ്ക്ക് വഴങ്ങില്ലെന്ന് വിദഗ്ധന്‍, സുരക്ഷിതമായ ജോലികള്‍ ഏതൊക്കെ?

കൃത്യമബുദ്ധി (AI)ആഗോള തൊഴില്‍ വിപണിയെ അതിവേഗത്തില്‍ പുനരാവിഷ്‌കരിക്കുന്നുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതുകാരണം പല മേഖലകളിലെയും നിരവധി ജോലികള്‍ക്ക് മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. എങ്കിലും എല്ലാ ജോലികളും ഓട്ടോമേഷന് ഒരുപോലെ വിധേയമാകില്ല എന്നാണ് എഐ കമ്പനിയായ ആന്‍ട്രോപിക്കിന്റെ സഹസ്ഥാപകനായ ജാക്ക് ക്ലാര്‍ക്ക് ഒരു പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. എഐ ഏറ്റവും കുറഞ്ഞ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള തൊഴിലുകൾ ഏതൊക്കെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എ.ഐ കാലത്തും നൈപുണ്യം ആവശ്യമായ തൊഴിലുകള്‍ (skilled trades), ബന്ധങ്ങളെ ആശ്രയിച്ചുള്ള ഓഫീസ് ജോലികള്‍, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെ നിരവധി ജോലികള്‍ സുരക്ഷിതമായിരിക്കും എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പലപ്പോഴും യന്ത്രങ്ങള്‍ക്ക് പൂര്‍ണമായും ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുള്ള കരകൗശലം, സര്‍ഗാത്മകത, വ്യക്തിപരമായ ഇടപെടല്‍ എന്നിവയെ ആശ്രയിക്കുന്ന ജോലികള്‍ താരതമ്യേന സുരക്ഷിതമായി തുടരാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം ജോലികള്‍ക്ക് വൈദഗ്ദ്ധ്യം, സാങ്കേതിക പരിജ്ഞാനം, വ്യക്തിഗത മികവുകള്‍ എന്നിവ ആവശ്യമാണ്. ആയതിനാല്‍ അവ ഫലപ്രദമായി ഓട്ടോമേറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും.

നേരിട്ടുള്ളതും പ്രശ്‌നപരിഹാര സ്വഭാവമുള്ളതുമായ ഇലക്ട്രീഷ്യന്‍മാരും പ്ലംബര്‍മാരും ചെയ്യുന്നത് പോലുള്ള ജോലികള്‍ സുരക്ഷിതമായിരിക്കും.ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിക്കുന്ന കസ്റ്റം വര്‍ക്കുകൾ ചെയ്യുന്ന കാര്‍പ്പെന്റര്‍മാര്‍ക്കും മെറ്റല്‍വര്‍ക്കര്‍മാര്‍ക്കും ഉയര്‍ന്ന കൃത്യതയും പ്രായോഗിക പരിജ്ഞാനവും ആവശ്യമായതിനാൽ വലിയ തോതിലെ എ ഐ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.

പൂന്തോട്ട നിര്‍മ്മാണം പോലെയുള്ള മനുഷ്യ സ്പര്‍ശം ആവശ്യമുള്ള ജോലികള്‍ക്ക് ക്രിയേറ്റീവ് ഡിസൈന്‍, സൗന്ദര്യപരമായ വിലയിരുത്തല്‍, സസ്യശാസ്ത്രത്തെക്കുറിച്ചും പ്രാദേശിക പരിസ്ഥിതി സാഹചര്യങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള ധാരണ എന്നിവ ആവശ്യമായതിനാൽ എഐക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. മണ്‍പാത്ര നിര്‍മ്മാണം, ചിത്രകല, ഫര്‍ണിച്ചര്‍ നിര്‍മ്മാണം എന്നിവ പോലുള്ള ജോലികളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

മനുഷ്യ ബന്ധങ്ങളെയും സങ്കീര്‍ണ്ണമായ വ്യക്തിപരമായ ഇടപെടലുകളെയും ആശ്രയിക്കുന്ന ചില വൈറ്റ്-കോളര്‍ ജോലികള്‍ എഐയില്‍ നിന്ന് താരതമ്യേന സുരക്ഷിതമായി തുടരും.

വലിയ അളവിലുള്ള മുതല്‍മുടക്ക് ഉള്‍പ്പെടുന്ന ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ്, കോര്‍പ്പറേറ്റ് ഫിനാന്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ജോലികള്‍ പൂര്‍ണ്ണമായി ഓട്ടോമേറ്റ് ചെയ്യാന്‍ സാധ്യത കുറവാണ്. ആരോഗ്യ സംരക്ഷണ രംഗത്ത് ഓട്ടോമേഷന് കാര്യമായ തടസ്സങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എഐയുടെ കഴിവുകള്‍ മെഡിക്കല്‍ രോഗനിര്‍ണയത്തിലും രോഗി പരിചരണത്തിലും വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും ചില നിര്‍ണായകമായ വൈദ്യ തീരുമാനങ്ങള്‍ക്ക് ഇപ്പോഴും പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ വിലയിരുത്തലും വൈദഗ്ധ്യവും ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *