‘പരിമള ആൻഡ് കോ’; ആഗോള കളക്ഷൻ വിവരങ്ങൾ പുറത്ത്!

സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ് ഒരുക്കിയ ജയറാം-ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ തിയേറ്ററുകളിൽ വൻ ജനപ്രീതി നേടുന്നു. ജൂൺ 5-ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ബോക്സ് ഓഫീസിൽ മികച്ച നേട്ടം സ്വന്തമാക്കി കഴിഞ്ഞു. പ്രമുഖ സിനിമാ ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്നിൽക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇതുവരെ ഏഴ് കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. വരും ദിവസങ്ങളിൽ കളക്ഷൻ ഇനിയും വർദ്ധിക്കുമെന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പക്കാ ക്രൈം കോമഡി വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു കുടുംബം ഒളിപ്പിക്കുന്ന വലിയൊരു രഹസ്യത്തിന്റെ കഥയാണ് പറയുന്നത്. വരുൺ പ്രഭാകറിന്റെ കൊലപാതകം ഒളിപ്പിക്കുന്ന ‘ദൃശ്യം’ സിനിമയുടെ പശ്ചാത്തലമാണോ ചിത്രത്തിനെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. എന്നാൽ ക്രൈമിനൊപ്പം കോമഡിക്കും കുടുംബബന്ധങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ജയറാം-ഉർവശി കൂട്ടുകെട്ടിന്റെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ പ്രാധാന്യം നൽകിയുള്ള എന്റർടൈനിംഗ് തിരക്കഥയാണ് ചിത്രത്തിന്റേതെന്ന് പ്രിവ്യൂ ഷോകൾ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു.

തമിഴ് കുമരൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.കെ.എം തമിഴ് കുമരനും പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. മിഷ്കിൻ, യോഗി ബാബു, സാൻഡി മാസ്റ്റർ, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോർജ്ജ് സി. വില്യംസ് ഛായാഗ്രഹണവും, ഫോക്സൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. പ്രദീപ് ഇ. രാഗവ് ആണ് എഡിറ്റർ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

Leave a Reply

Your email address will not be published. Required fields are marked *