തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എൽ.ഡി.എഫ് സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
സിറ്റിങ് സീറ്റായ നിലമ്പൂരിൽ എൽഡിഎഫിനും സിപിഎമ്മിനും അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
തൃപ്പൂണിത്തുറ മുൻ എംഎൽഎ ആയ സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു. ഇടത് സ്വതന്ത്രനായിരുന്ന പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് മുന്നണി വിട്ടതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.