പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി. അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന പതിനേഴാം ബ്രിക്‌സ് ഉച്ചകോടിയിലാണ് ഭീകരതയ്‌ക്കെതിരായ അംഗരാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയ്‌ക്കൊപ്പം നിന്നവര്‍ക്ക് നന്ദിയെന്നും പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കുനേരെയുളള ആക്രമണമാണെന്നും അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.’മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഭീകരവാദം. പഹല്‍ഗാമില്‍ ഇന്ത്യ നേരിട്ടത് മനുഷ്യത്വരഹിതമായ ഭീകരാക്രമണമാണ്. ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരും.
