ഇറാൻ, പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ ആഗോളതലത്തിൽ ഒറ്റപ്പെട്ടെന്ന വാദങ്ങളെ തള്ളി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യയുമായുള്ള ശക്തമായ ബന്ധവും അവിടെ തനിക്കുള്ള ജനപ്രീതിയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇതിനെ പ്രതിരോധിച്ചത്. സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ എന്ന പരിപാടിയിൽ നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ഇന്ത്യയെക്കുറിച്ച് വാചാലനായത്.
ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കിടയിൽ ഇസ്രയേലിന് വലിയ സ്വീകാര്യതയുണ്ടെന്ന് നെതന്യാഹു പറഞ്ഞു. തന്റെ ഇന്ത്യാ സന്ദർശനത്തെ ഒരു “പ്രണയോത്സവം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “പ്രധാനമന്ത്രി മോദിയെ ഞങ്ങൾ ഇവിടെ വലിയ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ഞാൻ എന്റെ ഭാര്യ സാറയോടൊപ്പം ഇന്ത്യ സന്ദർശിച്ചപ്പോൾ ലഭിച്ച സ്വീകരണം അവിസ്മരണീയമായിരുന്നു. ഇസ്രയേലിനെ ഇന്നും ബഹുമാനിക്കുന്ന രാജ്യങ്ങളുണ്ടെന്നതിന് തെളിവാണ് ഇന്ത്യ,” നെതന്യാഹു വ്യക്തമാക്കി. 2018-ലായിരുന്നു നെതന്യാഹു അവസാനമായി ഇന്ത്യ സന്ദർശിച്ചത്.അമേരിക്കയിൽ ഇസ്രയേൽ വിരുദ്ധ വികാരം വളർത്തുന്നതിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ‘ബോട്ട് ഫാമുകൾ’ ആണെന്ന് നെതന്യാഹു ആരോപിച്ചു. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് അമേരിക്കൻ-ഇസ്രയേൽ സഖ്യത്തെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഇസ്രയേലിനെ പിന്തുണച്ചിരുന്ന ഒരു അമേരിക്കക്കാരൻ പെട്ടെന്ന് നിലപാട് മാറ്റുന്നത് പോലെ തോന്നിക്കുന്ന പോസ്റ്റുകൾ പരിശോധിച്ചാൽ, അത് പാകിസ്ഥാനിലെ ഏതെങ്കിലും താവളത്തിലിരുന്ന് ഒരാൾ ചെയ്യുന്നതാണെന്ന് കാണാം,” അദ്ദേഹം പരിഹസിച്ചു. മുൻപും ഇന്ത്യക്കെതിരെ സമാനമായ രീതിയിൽ പാകിസ്ഥാൻ വ്യാജ പ്രചാരണങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നെതന്യാഹുവിന്റെ അവകാശവാദങ്ങൾക്കിടയിലും, ആഗോളതലത്തിൽ ഇസ്രയേലിന്റെ പ്രതിച്ഛായയിൽ ഇടിവുണ്ടായതായി പ്യൂ റിസർച്ച് സെന്ററിന്റെ സർവേകൾ സൂചിപ്പിക്കുന്നു. അമേരിക്കയിലെ 60 ശതമാനം മുതിർന്നവർക്കും ഇസ്രയേലിനെക്കുറിച്ച് പ്രതികൂല അഭിപ്രായമാണുള്ളതെന്ന് സർവേ വ്യക്തമാക്കുന്നു. പലസ്തീനിലെ മരണസംഖ്യയും പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്കിലും, ഇന്ത്യയെപ്പോലുള്ള തന്ത്രപ്രധാന സുഹൃത്തുക്കളുടെ പിന്തുണ ഇസ്രയേലിന് നയതന്ത്രതലത്തിൽ കരുത്തുപകരുന്നുണ്ട്.
