സമ്മര്‍ദങ്ങള്‍ക്കു മുമ്പില്‍ എളുപ്പത്തില്‍ വഴങ്ങുന്ന ഒരാളല്ല മോദി: പുടിന്‍

സമ്മര്‍ദങ്ങള്‍ക്കു മുമ്പില്‍ എളുപ്പത്തില്‍ വഴങ്ങുന്ന ഒരാളല്ല മോദി. നരേന്ദ്ര മോദിയെപ്പോലൊരു നേതാവ് ഭാരതത്തിന്റെ ഭാഗ്യമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഭാരത സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത ജനതയ്‌ക്ക് അവരുടെ നേതാവില്‍ അഭിമാനം കൊള്ളാം. അചഞ്ചലവും ലളിതവുമായ നിലപാടുകളാണ് അദ്ദേഹത്തിന്റേത്. നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് റഷ്യയുടെ ലക്ഷ്യം. ഭാരതവും അതുതന്നെയാണ് ചെയ്യുന്നതെന്നും പുടിന്‍ പറഞ്ഞു.
ഭീകരതക്കെതിരായ ഭാരതത്തിന്റെ പോരാട്ടങ്ങളെ മോസ്‌കോ പൂര്‍ണമായും പിന്തുണയ്‌ക്കും. ഭീകരവാദത്തെ നേരിടുന്നതില്‍ ഭാരതമെന്നും റഷ്യയുടെ സഖ്യകക്ഷിയാണ്. പഹല്‍ഗാം ആക്രമണത്തെ റഷ്യ നേരത്തെ അപലപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് അനുശോചനം അറിയിക്കുകയും, ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്ക് റഷ്യ പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. സമീപകാലങ്ങളില്‍ റഷ്യയും ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിട്ടിട്ടുണ്ട്, ഈ അനുഭവം വിഷയത്തില്‍ തങ്ങളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ സഹായിച്ചു. ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. മോദിയുടെ മോസ്‌കോ സന്ദര്‍ശനവും പുടിന്‍ ഓര്‍മിച്ചു. തന്റെ വസതിയില്‍ ഒരുമിച്ച് ഇരുന്ന് ചായ കുടിക്കുകയും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. രസകരമായിരുന്നു അന്നത്തെ സംഭാഷണങ്ങള്‍, പുടിന്‍ പറഞ്ഞു. ഭാരതത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്‌ക്കും മാറ്റങ്ങള്‍ക്കും പ്രധാന കാരണം മോദിയുടെ നേതൃത്വമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൈകാര്യം ചെയ്തിരുന്ന രീതിയില്‍ തന്നെ ഇപ്പോഴും കാര്യങ്ങള്‍ മുന്നോട്ട് പോകാനാവില്ല. ഇന്ന് ദല്‍ഹിയോടുള്ള ലോകത്തിന്റെ സമീപനം മാറിക്കൊണ്ടിരിക്കുകയാണ്. മോദി ജീവിക്കുന്നതു തന്നെ ഭാരതത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും ഭാരതമാണ്.

Leave a Reply

Your email address will not be published. Required fields are marked *