ചൂടില്‍ പൊള്ളി കാര്‍ഷികമേഖല

മധ്യകേരളത്തില്‍ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളിലെ സര്‍വമേഖലയും ചൂടേറ്റുപൊള്ളുന്നു.സമീപകാലത്തെ വലിയ താപനിലയിലേക്ക് പോകുന്ന കോട്ടയം ജില്ലയില്‍ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലാണ് .അതുപോലെ ക്ഷീരമേഖലയും നിര്‍മാണ മേഖലയും വ്യാപാരമേഖലയുടമൊക്കെ പ്രതിസന്ധിയെ നേരിടുകയാണ്.മത്സ്യത്തിനു വിലക്കയറ്റം രൂക്ഷമായതോടെ ഈ രംഗത്തും വലിയ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്..
കോട്ടയം, ഇടുക്കി ജില്ലകളില്‍ അങ്ങിങ്ങ് വേനല്‍മഴ പെയ്‌തെങ്കിലും അവയൊന്നും കാര്‍ഷിക മേഖലയെ ഉണര്‍ത്തുന്നതിന് പര്യപ്തമല്ലെന്നാണ് കര്‍ഷകര്‍ തന്നെ പറയുന്നത്..കനത്ത ചൂടില്‍ കാര്‍ഷിക വിളകള്‍ നശിക്കുകയാണ്. കുട്ടനാട്ടില്‍ ചൂടുകാരണം നെല്‍ കൃഷിയില്‍ വിളവ് കുറഞ്ഞു,മില്ലുകാര്‍ നെല്ല് സംഭരിക്കാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ജലദൗര്‍ലഭ്യം മൂലം കൃത്യമായി നനയ്‌ക്കാന്‍ സാധിക്കാതെ പച്ചക്കറി കൃഷി അവതാളത്തിലാണ്. നാളികേര കര്‍ഷകര്‍ വലിയ ഭീഷണിയെ നേരിടുന്ന ഘട്ടത്തിലാണ് കനത്ത ചൂടും തിരിച്ചടിയായത്.
നാളികേരത്തിന്റെ ലഭ്യത ഉയര്‍ന്നുവെങ്കിലും കൊപ്രയ്‌ക്ക് ആവശ്യക്കാര്‍ കുറവാണ്. വെളിച്ചെണ്ണയുടെ ഡിമാന്റ് കുറയുന്നതാണ് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നത്. മില്ലുകാര്‍ കൊപ്ര സംഭരണം കുറച്ചിരിക്കുകയാണിപ്പോള്‍. കൃഷിയിടങ്ങളില്‍ത്തന്നെ സംഭരിച്ചിരിക്കുന്ന കൊപ്രഅവിടെത്തന്നെ കിടന്നുപോകുന്ന അവസ്ഥയുണ്ട്. കനത്ത ചൂടും കൂടിയായതോടെ കൊപ്രസംഭരണം വേഗത്തിലാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മലയോര മേഖലകളിലെ കനത്ത ചൂട് ഏലം കൃഷിക്കാരെ ആശങ്കയിലാഴ്‌ത്തുന്നു. പകല്‍ താപനില കനത്തതോടെ തോട്ടങ്ങളില്‍ ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.കോട്ടയത്ത് റബര്‍ നാലാം ഗ്രേഡിന് 233 രൂപ വിലയുണ്ട്. റബര്‍ തോട്ടങ്ങളില്‍ വേനല്‍മഴയുടെ കുറവും മഞ്ഞും മൂലം ഇലകൊഴിച്ചില്‍ രോഗം വ്യാപകമായി, ഇത് ഉല്‍പ്പാദനത്തെ ബാധിച്ചു.
അടയ്‌ക്ക, മാങ്ങ എന്നിവയെല്ലാം ചൂട് കാരണം കൊഴിഞ്ഞു വീഴുകയാണ്. വയല്‍ പ്രദേശങ്ങളില്‍ പോലും ആവശ്യത്തിനു വെള്ളം ലഭിക്കാത്ത ഇടങ്ങളില്‍ ചെറുതും വലുതുമായ വാഴകള്‍ നശിച്ചു തുടങ്ങി. നട്ടു മൂന്നോ നാലോ മാസം പ്രായമായ വാഴകള്‍ക്കു വെള്ളം നനയ്‌ക്കല്‍ ഒഴിച്ചുകൂടാനാവാത്തതാണ്. സമീപത്തു തോടുകളോ പുഴകളോ ഇല്ലാത്ത സ്ഥലങ്ങളിലെ വാഴകള്‍ കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ്. കാപ്പി, ഏലം, കുടംപുളി, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയ വിളകള്‍ക്കും നാശമുണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *