ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങളിലായി അമേരിക്കൻ ധനസഹായത്തോടെ 120-ലധികം ബയോലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് രംഗത്തെത്തി. മതിയായ മേൽനോട്ടമില്ലാതെ മാരകമായ രോഗാണുക്കളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം ഗവേഷണങ്ങൾ ആഗോള ആരോഗ്യസുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്ന് പുതുതായി പുറത്തുവിട്ട രഹസ്യരേഖകൾ വ്യക്തമാക്കുന്നു. മനുഷ്യരാശിയെത്തന്നെ ബാധിച്ചേക്കാവുന്ന അപകടകരമായ ‘ഗെയിൻ ഓഫ് ഫങ്ക്ഷൻ’ ഗവേഷണങ്ങളാണ് ഈ ലാബുകളിൽ നടക്കുന്നതെന്ന് ഗബ്ബാർഡ് ആരോപിച്ചു.
യുക്രെയ്നിൽ മാത്രം 40-ലധികം ലബോറട്ടറികൾ പ്രവർത്തിക്കുന്നതായും, അവിടെ സോവിയറ്റ് കാലഘട്ടത്തിലെ ജൈവായുധ ശേഷിയുള്ള ആന്ത്രാക്സ്, എബോള, സാർസ്, പ്ലേഗ് തുടങ്ങിയ മാരക രോഗാണുക്കളിൽ പരീക്ഷണങ്ങൾ നടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖേഴ്സൺ ഡയഗ്നോസ്റ്റിക് ലബോറട്ടറിക്ക് ലക്ഷക്കണക്കിന് ഡോളർ സഹായം നൽകിയിട്ടും, അവർ കൈകാര്യം ചെയ്യുന്ന രോഗാണുക്കളെക്കുറിച്ചുള്ള രേഖകൾ അപൂർണ്ണമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ലാബുകളുടെ പ്രവർത്തനത്തെക്കുറിച്ച് മുൻ ഭരണകൂടങ്ങളും ഉന്നത ഉദ്യോഗസ്ഥരും ജനങ്ങളിൽ നിന്ന് സത്യം മറച്ചുവെക്കുകയും, ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഗബ്ബാർഡ് ഗുരുതര ആരോപണമുന്നയിച്ചു ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഇത്തരം അപകടകരമായ ഗവേഷണങ്ങൾക്കുള്ള ഫെഡറൽ ധനസഹായം പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഔദ്യോഗികമായി റദ്ദാക്കി. ലോകമെമ്പാടുമുള്ള ഇത്തരം ലാബുകളെയും അവയിൽ സൂക്ഷിച്ചിട്ടുള്ള രോഗാണുക്കളെയും കണ്ടെത്താൻ ഇന്റലിജൻസ് വിഭാഗത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ധാർമ്മികവും സുരക്ഷാപരവുമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഈ ലാബുകളുടെ പ്രവർത്തനങ്ങളിൽ നിലനിൽക്കുന്ന സാമ്പത്തികവും സുരക്ഷാപരവുമായ ആശങ്കകൾ പരിഹരിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ഗബ്ബാർഡ് വ്യക്തമാക്കി. ആഗോള ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ ഗവേഷണങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നും, ഭാവിയിൽ ഇത്തരം അപകടകരമായ പരീക്ഷണങ്ങൾ അനുവദിക്കില്ലെന്നും ട്രംപ് ഭരണകൂടം ഉറപ്പിച്ചു പറഞ്ഞു.
