തമിഴ്‌നാട്ടിൽ 175 കോടിയുടെ സെമികണ്ടക്ടർ പാർക്ക് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്; 

മിഴ്‌നാട്ടിൽ 175 കോടി രൂപ ചെലവിൽ പുതിയ സെമികണ്ടക്ടർ ആൻഡ് ഇലക്ട്രോണിക്സ് നിർമ്മാണ പാർക്ക് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. കാഞ്ചീപുരം ജില്ലയിലെ മധുരമംഗലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ ഈ പാർക്ക് യാഥാർത്ഥ്യമാകുന്നത്. പദ്ധതിയിലൂടെ സംസ്ഥാനത്ത് 2,000 കോടി രൂപയുടെ നിക്ഷേപവും 5,000 പേർക്ക് പുതിയ തൊഴിലവസരങ്ങളും ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

തമിഴ്നാട് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ‘സിപ്‌കോട്’ ആണ് ഈ പാർക്കിന്റെ നിർമ്മാണ ചുമതല നിർവഹിക്കുന്നത്. റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ സെമികണ്ടക്ടർ രംഗത്ത് തമിഴ്‌നാടിന്റെ സ്വാധീനം കൂടുതൽ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, കോയമ്പത്തൂരിൽ 400 കോടി രൂപ ചെലവിൽ പുതിയ ഫിൻടെക്ക് ഹബ്ബും പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കായുള്ള ഓഫീസുകൾ, ലബോറട്ടറികൾ, പ്രത്യേക പരിശീലന-സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വലിയൊരു സമുച്ചയമാണിത്.സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള സുപ്രധാന പദ്ധതികളും സർക്കാർ അവതരിപ്പിച്ചു. തൂത്തുക്കുടിയിൽ 1,600 മെഗാവാട്ട് ശേഷിയുള്ള പുതിയ സൂപ്പർക്രിട്ടിക്കൽ താപവൈദ്യുത നിലയം സ്ഥാപിക്കാനാണ് തീരുമാനം. 800 മെഗാവാട്ട് വീതമുള്ള രണ്ട് യൂണിറ്റുകൾ ഉൾപ്പെടുന്ന ഈ പദ്ധതിക്കായി 20,800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ചെന്നൈ നഗരത്തിലെ വൈദ്യുതി തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി 1,762 കോടി രൂപയുടെയും 1,550 കോടി രൂപയുടെയും രണ്ട് പുതിയ വൈദ്യുതി ഇടനാഴികൾ സ്ഥാപിക്കുമെന്നും വിജയ് അറിയിച്ചു. ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള സമയങ്ങളിലെ ആവശ്യങ്ങൾക്കായി മിച്ച വൈദ്യുതി സുരക്ഷിതമായി സംഭരിച്ചുവെക്കാൻ പ്രത്യേക ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളും നടപ്പിലാക്കും. കൂടാതെ, മഴക്കാലത്ത് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ 36 പുതിയ 33/11 കെവി പവർ സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഗരത്തിലുടനീളമുള്ള വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും നവീകരിക്കുന്നതിനായി മാത്രം 1,200 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *