സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ പുതിയ വെഡ്ഡിംഗ് സോങ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. കെൻ കരുണാസിന്റെ വരികൾക്ക് ജി.വി. പ്രകാശ് കുമാർ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നായകൻ സൂര്യ തന്നെയാണ്. കഴിഞ്ഞ ഓഗസ്റ്റ് 14-ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനകം ആഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു. മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി അഭിനയിച്ചിരിക്കുന്നത്.
കേരളത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ് ആണ്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം 85 കോടിയോളം രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ പ്രീ-റിലീസ് ബിസിനസ് നേടി സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ റെക്കോർഡും ചിത്രം കുറിച്ചിരുന്നു.ലക്കി ഭാസ്കർ’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ഈ ചിത്രം സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പക്കാ ഫാമിലി എന്റർടൈനറായി ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ നിമിഷ് രവിയും എഡിറ്റിംഗ് നവീൻ നൂലിയുമാണ് നിർവഹിച്ചിരിക്കുന്നത്.
